ഇടുക്കി: പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ കൗമാരക്കാരനെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ കേസെടുത്ത് കട്ടപ്പന പോലീസ്. ഇടുക്കി സ്വദേശിയായ 17 കാരനെ വിദ്യാർഥിയെ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചെന്നാണ് പരാതി. കേസിൽ മാനേജർ അടക്കം മൂന്ന് പേരെ പ്രതിചേർത്തിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റെജി, ബെന്നി , സിജോ എന്നിവരെയാണ് പ്രതിചേർത്തത്. കട്ടപ്പന പോലീസ് അന്വേഷണം പത്തനംതിട്ട പോലിസിന് കൈമാറും. പഠനവും ജോലിയും വാഗ്ദാനം ചെയ്ത് ഏറ്റെടുത്ത ഇടുക്കി അണക്കര സ്വദേശിയായ 17കാരനാണ് ക്രൂരമർദനമേറ്റത്.
സംഭവം ഇങ്ങനെ- സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം മാർച്ച്11നാണ് യൂട്യൂബിലൂടെ വീഡിയോ കണ്ട് ഈ സ്ഥാപനത്തെ കുറിച്ചറിഞ്ഞ് ഇവിടെയെത്തിയത്. കുടുംബത്തിലെ മൂന്ന് മക്കളിൽ മൂത്ത കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുക്കാം, വീഡിയോ എഡിറ്റിങ്ങ് പഠിപ്പിക്കാം, ജോലി നൽകാം എന്ന് സ്ഥാപനം കുടുംബത്തിന് ഉറപ്പ് നൽകിയികുന്നു. ഇതുപ്രകാരം മൂന്നു മാസമായി വർഷിപ്പിങ് സെന്റിൽ താമസിച്ച് വരികയായിരുന്നു കുട്ടി. ഒടുവിൽ പഠനം നടക്കാതെ വരികയും സെന്ററിലെ ജോലികൾ ചെയ്യിക്കുന്നത് തുടരുകയും ചെയ്തതോടെ ഇതിനെ കുട്ടി ചോദ്യം ചെയ്തു. ഇതോടെ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തെ കുറിച്ച് റിപ്പോർട്ടർ ചാനലിലൂടെ വാർത്തകൾ പുറത്തുവന്നതോടെ കട്ടപ്പന പോലീസ് കുട്ടിയെയും കുടുംബത്തെയും വിളിച്ചുവരുത്തുകയും ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. സ്ഥാപന ഉടമയെ നിലവിൽ പ്രതി ചേർത്തിട്ടില്ല.
പത്തനംതിട്ട പോലീസ് അന്വേഷണം ആരംഭിച്ചതിനെ പിന്നാലെ സെന്ററിലടക്കം പരിശോധന നടത്തുമെന്നാണ് വിവരം. ഈ സെന്ററിന് കീഴിലുള്ള സ്‌നേഹമന്ദിരത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളും മുതിർന്നവരും അടക്കമുണ്ടെന്നും തന്റെ സമാന സ്ഥിതിയിലാണ് മറ്റുള്ളവരുമെന്നും കുട്ടിയുടെ മൊഴിയിൽ പറയുന്നു.
അതേസമയം 17കാരന്റെ കയ്യിലും കാലിലും ശരീരത്തിലും ഗുരുതര പരിക്കുണ്ട്. ശരീരത്തിൽ മുറിവുകളുമുണ്ട്. സ്ഥാപനത്തിലെ ഒരു യുവതി കുട്ടിയുടെ ജീവൻ വേണമെങ്കിൽ എത്രയും വേഗം ഇവിടെയെത്തി മോചിപ്പിക്കണമെന്ന് വീട്ടിൽ വിളിച്ച് പറയുകയായിരുന്നു. മണ്ണെടുപ്പ്, കല്ലുചുമട് കൂടാതെ പ്രായമായ ആളുകളെ കുളിപ്പിക്കുക തുടങ്ങിയ ജോലികളാണ് കുട്ടിക്ക് അവിടെ ചെയ്യേണ്ടി വന്നതെന്ന് പരാതിയിൽ പറയുന്നുണ്ട്.
സംഭവത്തിൽ മന്ത്രി ബിന്ദുകൃഷ്ണയും ഇടപെട്ടിട്ടുണ്ട്. വിശദ റിപ്പോർട്ട് നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സ്ഥാപനത്തിൽ മന്ത്രിയുടെ നിർദേശപ്രകാരം പരിശോധനയും നടത്തി. പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
















































