വാഷിംഗ്ടൺ: ഇറാനെതിരായ നിലപാട് കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒന്നുകിൽ അമേരിക്കയുമായി സമഗ്രമായ കരാറിലെത്തണം, അല്ലെങ്കിൽ പൂർണമായി കീഴടങ്ങണം എന്ന മുന്നറിയിപ്പാണ് ഇറാൻ നേതൃത്വത്തിന് ട്രംപ് നൽകിയിരിക്കുന്നത്. തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയുമായി നേരിട്ട് ചർച്ചകളൊന്നും നടക്കുന്നില്ലെന്നും ഒമാനുമായി മാത്രമാണ് ആശയവിനിമയം നടത്തുന്നതെന്നുമുള്ള ഇറാന്റെ പ്രതികരണമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. അമേരിക്കയുമായി ചർച്ച നടത്താൻ ഇറാൻ തന്നെ സമീപിച്ചിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
കൂടിക്കാഴ്ചയ്ക്കായി ഇറാൻ സമീപിക്കുകയും ചർച്ചകൾ ആരംഭിക്കുകയും തുടർ ചർച്ചകൾക്ക് ധാരണയാകുകയും ചെയ്തതിന് പിന്നാലെയാണ് അമേരിക്കയുമായി ചർച്ചകളൊന്നുമില്ലെന്ന് ഇറാൻ അവകാശപ്പെടുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാൻ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് ആധിപത്യമുണ്ടെന്ന ഇറാന്റെ അവകാശവാദവും ട്രംപ് തള്ളി. മേഖലയിൽ അമേരിക്കൻ നാവികസേനയുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും കടലിടുക്കിന്റെ നിയന്ത്രണം നിലവിൽ അമേരിക്കയ്ക്കാണെന്നും ട്രംപ് അവകാശപ്പെട്ടു.
ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളിൽ ഇളവ് ലഭിക്കണമെങ്കിൽ സമഗ്രമായ കരാറിലെത്തുകയോ പൂർണമായി കീഴടങ്ങുകയോ വേണമെന്നാണ് ട്രംപിന്റെ നിലപാട്. അമേരിക്കയുടെ അനുമതിയില്ലാതെ ഇറാനിലേക്ക് ഒന്നും എത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പതിറ്റാണ്ടുകളായി ഇറാൻ സൃഷ്ടിച്ച പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന നിലപാടിലും മാറ്റമില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
അമേരിക്ക സമ്മർദം ശക്തമാക്കുന്നതിനിടെയാണ് ഒമാന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയ ശ്രമങ്ങൾ തുടരുന്നത്.


















































