ലഖ്നൗ: ഭർത്താവും കാമുകിയും ചേർന്നു യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. പിന്നാലെ മൃതദേഹം ഗോമതി നദിയിൽ തള്ളി. സംഭവത്തിൽ രണ്ടുപേരും പൊലീസ് പിടിയിൽ. റഹീമാബാദ് സ്വദേശി ഉമേന്ദ്ര പ്രതാപ് സിങ് (31), കാമുകി ആരതി വർമ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉമേന്ദ്രയുടെ ഭാര്യ അഞ്ജലി സിങ് (30) ആണ് കൊല്ലപ്പെട്ടത്. ജൂലൈ 30 ന് ഭാര്യയെ കാണാനില്ലെന്ന് ഉമേന്ദ്ര തന്നെയാണു പൊലീസിൽ പരാതി നൽകിയിരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ജൂലൈ 31 ന് ഇറ്റാഞ്ച പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോമതി നദിയിൽനിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഇത് അഞ്ജലിയുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഞ്ജലിയുടെ സഹോദരൻ പരാതി നൽകിയതോടെയാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭാരതീയ ന്യായ സംഹിതയിലെ ക്രിമിനൽ ഗൂഡാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ഉമേന്ദ്രയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഉമേന്ദ്രയ്ക്ക് ആരതിയുമായുള്ള അവിഹിത ബന്ധം അഞ്ജലി ചോദ്യം ചെയ്തതാണു കൊലപാതകത്തിനു കാരണമായത്.
ഇരുവരും ചേർന്ന് അഞ്ജലിയെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയശേഷം മൃതദേഹം കാറിൽ കൊണ്ടുപോയി ഗോമതി നദിയിൽ തള്ളുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതാണെന്നു വരുത്തിതീർക്കാനായി വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഉമേന്ദ്ര കാമുകിക്കു കൈമാറുകയും ചെയ്തു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാമുകി ആരതി വർമയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്നു കൊല്ലപ്പെട്ട അഞ്ജലിയുടെ സ്വർണാഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.



















































