മലപ്പുറം: മലപ്പുറം തിരൂരിൽ കൈക്കൂലി വാങ്ങിയ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശി വിനോദ് കുമാർ ജി.വി (47) ആണ് അറസ്റ്റിലായത്.
തിരൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന വിനോദ് കുമാർ 4,300 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി. തിരൂർ കന്മനം സ്വദേശിയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ചത്.
ആയുർവേദിക് വെൽനസ് സെന്ററിന് ലൈസൻസ് അനുവദിക്കുന്നതിനായി പ്രതി കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. കേസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, നഗരസഭയിലെ താൽക്കാലിക ജീവനക്കാരൻ ശിഹാബുദ്ദീൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹെൽത്ത് ഇൻസ്പെക്ടറായ വിനോദ് കുമാറിന്റെ പങ്ക് പുറത്തായത്.
പരാതിക്കാരനെ ഫോണിൽ വിളിച്ച പ്രതി സർട്ടിഫിക്കറ്റുകൾ ശരിയാക്കി നൽകുന്നതിനായി പണം ആവശ്യപ്പെട്ടതായും കണ്ടെത്തി. 3,000 രൂപ നേരിട്ടും 1,300 രൂപ ഭാര്യയുടെ ഗൂഗിൾ പേ വഴിയും കൈപ്പറ്റിയതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
















































