വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇറാനുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് സമ്പൂർണ ഉപരോധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ തുറമുഖങ്ങളിലേക്കോ അവിടെനിന്നോ സർവീസ് നടത്തുന്ന കപ്പലുകൾക്കും, ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന വിദേശ കപ്പലുകൾക്കും ഹോർമുസ് കടലിടുക്ക് ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ലെന്ന് ട്രംപ് അറിയിച്ചു. എന്നാൽ മറ്റ് രാജ്യങ്ങളുടെ കപ്പൽഗതാഗതത്തിന് തടസ്സമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഈടാക്കാൻ നേരത്തെ പ്രഖ്യാപിച്ചിരുന്ന 20 ശതമാനം ‘റീഇംബഴ്സ്മെന്റ് ഫീസ്’ (ടോൾ) അമേരിക്ക പിൻവലിച്ചു. പകരമായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ വൻതോതിലുള്ള വ്യാപാര-നിക്ഷേപ കരാറുകളിൽ ഏർപ്പെടാൻ സമ്മതിച്ചതായും ട്രംപ് പറഞ്ഞു. മിഡിൽ ഈസ്റ്റ് നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പുതിയ തീരുമാനമെന്നും ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ഇറാന്റെ ഭരണകൂടം സ്വന്തം രാജ്യത്തെ നാശത്തിലേക്കാണ് നയിക്കുന്നതെന്ന് ട്രംപ് വിമർശിച്ചു. ഇറാൻ ഒരിക്കലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രതിഷേധങ്ങളിൽ 52,000 പേർ കൊല്ലപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടെങ്കിലും, ഈ കണക്കിന് സ്വതന്ത്ര സ്ഥിരീകരണമില്ല.
ലോകത്തെ മൊത്തം എണ്ണ-വാതക വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ മേഖലയിൽ സംഘർഷം രൂക്ഷമാകുന്നത് ആഗോള ഊർജവിപണിയെയും എണ്ണവിലയെയും നേരിട്ട് ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. സമീപകാലത്ത് ഹോർമുസ് മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും വർധിച്ചിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ നേരത്തെ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.















































