വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ ആവശ്യത്തിന് നീരില്ലെന്ന് ആരോപിച്ച് ഹോട്ടലിൽ തർക്കമുണ്ടാക്കിയ യുവാക്കൾ പിന്നീട് സംഘമായി മടങ്ങിയെത്തി ആക്രമണം നടത്തി. വടക്കാഞ്ചേരി മിണാലൂരിലെ സെലക്ട് ദർബാർ റെസ്റ്റോറന്റിലാണ് സംഭവം. ആക്രമണത്തിൽ ഹോട്ടൽ ഉടമ മുജീബിന് മൂന്ന് പല്ലുകൾ നഷ്ടമായി. ജീവനക്കാർക്കും ഹോട്ടലിലുണ്ടായിരുന്ന ചില ഉപഭോക്താക്കൾക്കും പരിക്കേറ്റു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ രണ്ട് യുവാക്കൾ, ചിക്കൻ ചില്ലിക്കൊപ്പമുണ്ടായിരുന്ന നാരങ്ങയിൽ ആവശ്യത്തിന് നീരില്ലെന്ന് പറഞ്ഞ് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു. മനപ്പൂർവം നീര് പിഴിഞ്ഞ നാരങ്ങയാണ് നൽകിയതെന്ന് ആരോപിച്ചായിരുന്നു വാക്കേറ്റം. തുടർന്ന് ഹോട്ടൽ ഉടമ മുജീബ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും മറ്റൊരു നാരങ്ങ നൽകുകയും ചെയ്തു. തുടർന്ന് യുവാക്കൾ ഭക്ഷണം കഴിച്ച് മടങ്ങുകയും ചെയ്തു.
എന്നാൽ കുറച്ച് സമയത്തിന് ശേഷം യുവാക്കൾ കൂടുതൽ പേരുമായി വീണ്ടും ഹോട്ടലിലെത്തി ആക്രമണം നടത്തുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ മുജീബിന്റെ മൂന്ന് പല്ലുകൾ അടിച്ച് കൊഴിച്ചുവീഴ്ത്തുകയും ഹോട്ടലിലെ ജീവനക്കാരെയും ആക്രമിക്കുകയും ചെയ്തു. സംഭവസമയത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ചിലർക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട ഏഴ് പേരിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

















































