ഈരാറ്റുപേട്ട: കനത്ത മഴയിൽ കോട്ടയം ജില്ലയിൽ വ്യാപക നാശനഷ്ടം. പൂഞ്ഞാറിലുണ്ടായ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും പിന്നാലെ ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.സി. ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിലും വെള്ളം കയറി. മൂന്നരയടിയോളം വെള്ളമാണ് വീടിനുള്ളിൽ കയറിയതെന്ന് പി.സി. ജോർജ് പറഞ്ഞു.
വീടിനും ഭാര്യ ഉഷ നടത്തുന്ന വസ്ത്ര സ്ഥാപനത്തിനുമായി ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പി.സി. ജോർജ് പറയുന്നു. വീട്ടിൽ മാത്രം ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വീട്ടിലെ നിരവധി ഉപകരണങ്ങൾ വെള്ളം കയറി നശിച്ചു. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന രണ്ട് ഇന്നോവ കാറുകളിലും വെള്ളം കയറി.
40 വർഷമായി പൂഞ്ഞാറിൽ താമസിക്കുന്ന താൻ ഇതുവരെ ഇത്തരമൊരു ദുരിതം കണ്ടിട്ടില്ലെന്നും പി.സി. ജോർജ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ അയൽവാസി വാതിലിൽ മുട്ടിയപ്പോഴാണ് വീടിന് ചുറ്റും വെള്ളം കയറിയ വിവരം അറിഞ്ഞത്. രണ്ടരയോടെ വെള്ളം വീടിനുള്ളിലേക്കും കയറി. ഭാര്യ ഉഷയും മകൻ ഷെയ്നും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവർ പിന്നീട് മുകൾനിലയിലേക്ക് മാറുകയായിരുന്നു.
ഭാര്യ നടത്തുന്ന വസ്ത്ര സ്ഥാപനത്തിലും വെള്ളം കയറി. കടയിൽ സൂക്ഷിച്ചിരുന്ന വിലകൂടിയ സാരികൾ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ നശിച്ചതായും ഇവിടെ ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പി.സി. ജോർജ് പറഞ്ഞു.
അതേസമയം, തനിക്കുണ്ടായ നഷ്ടത്തേക്കാൾ വലിയ ദുരിതം നേരിടുന്ന നിരവധി പേരുണ്ടെന്നും അവരുടെ പ്രശ്നങ്ങളാണ് പ്രധാനമെന്നും പി.സി. ജോർജ് പ്രതികരിച്ചു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ഉരുൾപൊട്ടലും വെള്ളക്കെട്ടും തുടരുകയാണ്.
















































