ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് മരിച്ച തമിഴ്‌നാട്, സ്വദേശികളായ അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. തമിഴ്‌നാട്, ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകൾ കാർത്തിക ശ്രീ (2) എന്നിവരാണ് ദാരുണമായി മരിച്ചത്.
കഴിഞ്ഞ ജൂലൈ 21-നായിരുന്നു ദുരന്തമുണ്ടായത്. മരണപ്പെടുന്നതിന് ഒരാഴ്ച മുൻപാണ് സന്ദർശക വീസയിൽ അമ്മയും മകളും ബുറൈദയിൽ ജോലി ചെയ്യുന്ന ഭർത്താവായ ഗോകുൽ രാജിൻ്റെ അടുത്തേക്ക് എത്തിയത്. ബുറൈദയിലെ സഫറക്കടുത്തുള്ള താമസസ്ഥലത്ത് രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അപകടം. റൂമിൽ കത്തിച്ചുവച്ച ചന്ദനത്തിരിയിൽ നിന്ന് തീപ്പൊരി വീണ് പടർന്ന് കാർപെറ്റിൽ ഭാഗികമായി തീപിടിക്കുകയായിരുന്നു. ഇതോടെ മുറിയിൽ പുക നിറയുകയും ആ പുക ശ്വസിച്ചതിനെ തുടർന്ന് ജയഭാരതിയും മകളും മരണപ്പെടുകയുമായിരുന്നു.
അതേസമയം അപകടസമയത്ത് ഗോകുൽ രാജ് തൊട്ടടുത്ത മുറിയിൽ ജോലി കഴിഞ്ഞ് വന്ന് ഉറങ്ങുകയായിരുന്നു. പുകയുടേയും കാർപ്പെറ്റിന്റേയും രൂക്ഷ ഗന്ധം അനുഭവപ്പെട്ട് ഉണർന്നപ്പോഴാണ് ഭാര്യയും മകളും മരണപ്പെട്ട വിവരം അറിയുന്നത്. ഇന്ത്യൻ എംബസിയുടെടെയും, ബുറൈദ, കനിവ് ജീവകാരുണ്യ വിഭാഗത്തിന്റെയും ഇടപെടലിലൂടെ നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു. റിയാദിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ചെന്നൈ എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.






