കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ വാഹനാപകട മരണത്തിൽ അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. കോട്ടയം എംഎസിടി കോടതി ജഡ്ജി പ്രസൂൺ മോഹനാണ് വിധി പ്രസ്താവിച്ചത്. കേസിലെ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷ്വറൻസാണ് വിധിച്ച തുക കെട്ടിവയ്‌ക്കേണ്ടത്. നഷ്ടപരിഹാരത്തുകയ്‌ക്ക് പുറമെ പലിശയും കോടതി ചെലവും ഉൾപ്പെടെയാണ് ആകെ 1.77 കോടി രൂപ നൽകാൻ കോടതി ഉത്തരവിട്ടത്. 2023 ജൂൺ അഞ്ചിനാണ് കൊല്ലം സുധിയുടെ ജീവനെടുത്ത വാഹനാപകടം നടന്നത്.
തൃശൂർ കയ്പമംഗലത്താണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽനിന്ന് എത്തിയ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് പുത്തൻകുരിശ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. കൊല്ലം സുധിയുടെ കുടുംബാംഗങ്ങൾ നൽകിയ നഷ്ടപരിഹാര ഹർജിയിലാണ് കോട്ടയം എംഎസിടി കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചത്. കേസിൽ ഹർജിക്കാർക്കുവേണ്ടി അഡ്വ. എ.ആർ. കലേഷ് കുമാറും ഹർഷാന കെ.എസും ഹാജരായി.





