ന്യൂഡൽഹി: ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് നിർണായകമാകുന്ന ചന്ദ്രനിലെ ആണവ റിയാക്ടർ വികസനത്തിനായി അമേരിക്കയും ചൈനയും റഷ്യയും തമ്മിൽ മത്സരം ശക്തമാകുന്നു. ചന്ദ്രനിൽ സ്ഥിരമായ താവളങ്ങൾ സ്ഥാപിക്കുന്നതിനും അവിടെനിന്ന് വിഭവങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും കൂടുതൽ ബഹിരാകാശ ദൗത്യങ്ങൾക്ക് പിന്തുണ നൽകുന്നതിനും വിശ്വസനീയമായ വൈദ്യുതി ഉറപ്പാക്കുക എന്നതാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം മനുഷ്യരുടെ നിരന്തര ഇടപെടലില്ലാതെ വർഷങ്ങളോളം പ്രവർത്തിക്കാൻ കഴിയുന്ന ആണവ റിയാക്ടർ വികസിപ്പിക്കാൻ നാസ കരാറുകാരോട് ആവശ്യപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 2030 ഡിസംബറോടെ റിയാക്ടർ വിക്ഷേപണത്തിന് സജ്ജമാക്കുകയാണ് നാസയുടെ ലക്ഷ്യം.
നാസ മുന്നോട്ടുവയ്ക്കുന്ന ‘ലൂണാർ റിയാക്ടർ-1’ പദ്ധതിക്ക് 20 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും അറ്റകുറ്റപ്പണികളില്ലാതെ അഞ്ച് വർഷത്തോളം പ്രവർത്തിക്കാനുമാണ് ലക്ഷ്യമിടുന്നത്. ചൈനയുമായുള്ള സഹകരണത്തിന്റെ ഭാഗമായി 2036ഓടെ ‘സെലെന’ എന്ന പേരിലുള്ള ആണവ റിയാക്ടർ വികസിപ്പിക്കാനാണ് റഷ്യയുടെ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. ചൈനയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുന്ന ചാന്ദ്രനിലയങ്ങൾക്ക് വൈദ്യുതി നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏകദേശം 10 കിലോവാട്ട് വരെ വൈദ്യുതി ഉൽപ്പാദിപ്പിച്ച് പത്ത് വർഷത്തോളം പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്യുന്നതെന്നാണ് വിവരം.
ചന്ദ്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം ഉറപ്പാക്കണമെങ്കിൽ തുടർച്ചയായ വൈദ്യുതി ലഭ്യത അനിവാര്യമാണ്. പകൽ സമയത്ത് സൗരോർജ പാനലുകളിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കാമെങ്കിലും ചന്ദ്രനിലെ ദീർഘമായ രാത്രിയും മറ്റ് പരിമിതികളും കണക്കിലെടുക്കുമ്പോൾ സൗരോർജത്തെ മാത്രം ആശ്രയിക്കുക പ്രയാസകരമാണ്. സൂര്യപ്രകാശത്തിന്റെ അഭാവത്തിലും പ്രവർത്തിക്കാൻ കഴിയുന്ന ആണവ റിയാക്ടറുകൾക്ക് പരിമിതമായ മനുഷ്യ ഇടപെടലോടെ ദീർഘകാലത്തേക്ക് വൈദ്യുതി നൽകാൻ കഴിയും.
പ്രാരംഭ ഘട്ടത്തിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ലൂണാർ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുമായി സൗരോർജവും റേഡിയോഐസോടോപ്പ് സംവിധാനങ്ങളും ഉപയോഗിക്കാനാണ് അമേരിക്കയുടെയും ചൈനയുടെയും പദ്ധതി. എന്നാൽ ഭാവിയിൽ കൂടുതൽ വിപുലമായ ചാന്ദ്രതാവളങ്ങളും ഗവേഷണ സംവിധാനങ്ങളും സ്ഥാപിക്കുമ്പോൾ ആവശ്യമായ വൈദ്യുതിയുടെ അളവ് ഗണ്യമായി വർധിക്കും. ഈ സാഹചര്യത്തിലാണ് ആണവോർജത്തെ ദീർഘകാല പരിഹാരമായി കണക്കാക്കുന്നത്.
അതേസമയം, ചന്ദ്രനിലേക്ക് ആണവ റിയാക്ടറുകൾ അയക്കുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. വിക്ഷേപണത്തിനിടെ റോക്കറ്റ് തകരുകയോ നിയന്ത്രണം നഷ്ടപ്പെടുകയോ ചെയ്താൽ ആണവ റിയാക്ടറുകളിലുണ്ടാകുന്ന അപകടം റേഡിയോആക്ടീവ് വസ്തുക്കൾ പുറത്തേക്ക് വ്യാപിക്കുന്നതിന് ഇടയാക്കാം. യാത്രയ്ക്കിടെ അപകടസാധ്യത കുറയ്ക്കുന്നതിനായി പ്രവർത്തനരഹിതമായ നിലയിലായിരിക്കും റിയാക്ടറുകൾ ചന്ദ്രനിലേക്ക് അയക്കാൻ നാസയും റഷ്യയും പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
ചന്ദ്രനിൽ റിയാക്ടർ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും വലിയ സാങ്കേതിക വെല്ലുവിളിയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ ആണവ റിയാക്ടറുകൾക്ക് സമാനമായ സംരക്ഷണ സംവിധാനങ്ങൾ ചന്ദ്രനിൽ ഒരുക്കുക എളുപ്പമല്ല. റേഡിയേഷൻ അപകടസാധ്യത കുറയ്ക്കുന്നതിനായി റിയാക്ടറിന് ചുറ്റുമുള്ള പ്രദേശത്തേക്ക് മനുഷ്യർക്കും ചില ഉപകരണങ്ങൾക്കും പ്രവേശനം നിയന്ത്രിക്കേണ്ടി വന്നേക്കും.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ജലസാന്നിധ്യം ഉൾപ്പെടെയുള്ള വിഭവങ്ങൾ കണ്ടെത്താനുള്ള നീക്കങ്ങൾ ശക്തമാകുന്നതിനിടെയാണ് ആണവോർജ പദ്ധതികളും വേഗത്തിലാകുന്നത്. ഭാവിയിലെ ചാന്ദ്രതാവളങ്ങൾക്ക് ആവശ്യമായ ഊർജം എങ്ങനെ ഉറപ്പാക്കാമെന്നത് അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ പദ്ധതികളിലെ നിർണായക ഘടകമായി മാറുകയാണ്.




