ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ ബില്ലുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രസംഗത്തെ രാഷ്ട്രീയ പ്രസംഗമാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മോദി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു. എതിരാളികളെ ആക്രമിക്കാൻ മോദി ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചു. ജനാധിപത്യത്തെയും ഭരണഘടനയെയും മോദി പരിഹസിക്കുന്നുവെന്നും ഖർഗെ ആരോപിച്ചു. മോദി രാജ്യത്തോട് കള്ളം പറയുകയാണ്. പീഡനക്കേസ് പ്രതികളെ സംരക്ഷിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും ഖർഗെ വിമർശിച്ചു.
അതേസമയം പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിൽ ഒരു പവിത്രതയുണ്ട്, അത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പക്ഷം പിടിക്കുന്നതായിരിക്കരുതെന്ന് ജയറാം രമേശ് പറഞ്ഞു. അതുപോലെ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്തത്ര ഭീരുവാണ് പ്രധാനമന്ത്രി. രാജ്യത്തെ അഭിസംബോധ ചെയ്യുന്നതിനേക്കാൾ പത്രസമ്മേളനമായിരുന്നു കൂടുതൽ ഉചിതം.
പ്രധാനമന്ത്രി ഇപ്പോൾ ചെയ്യുന്നത് സ്ത്രീകളെ കവചമാക്കി മണ്ഡല പുനർനിർണയം നടത്താൻ. ഇതിനു ശ്രമിച്ച മോദിയാണ് മാപ്പുപറയേണ്ടത്. ജനാധിപത്യത്തെയും ഫെഡറലിസത്തെയും ദുർബലപ്പെടുത്താനാണ് മോദി ശ്രമിച്ചതെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
അതേസമയം വനിതാ ബിൽ പാസാകാത്തതിൽ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എല്ലാ മേഖലകളിലും വനിതാ പങ്കാളിത്തമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആ ബില്ലിന്റെ ഭ്രൂണഹത്യയാണ് പ്രതിപക്ഷം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മോദിക്കെതിരെ ജോൺ ബ്രിട്ടാസ് എംപിയും കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തിയിരുന്നു.














































