ഫരീദാബാദ്: അധ്യാപികയെ സ്കൂൾ പരിസരത്തിനുള്ളിൽ വെച്ച് കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത് പൊലീസ്. ഹരിയാനയിലെ ഫരീദാബാദിൽ നടന്ന സംഭവത്തിൽ 20ലേറെ തവണയാണ് അധ്യാപികയായ സന്ധ്യ(30)യാണ് കൊല്ലപ്പെട്ടത്. 21 വയസ്സുകാരനായ അമിത്താണ് കേസിലെ പ്രതിയെന്ന് പൊലീസ് അറിയിച്ചു. ഫരീദാബാദിലെ സിക്രോണയിലെ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായ സന്ധ്യ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ‘വിക്കി’ എന്നയാൾ പുറത്തു കാത്തുനിൽക്കുന്നുവെന്ന് സ്കൂൾ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ഇവർ പുറത്തേക്ക് എത്തുകയായിരുന്നു. ഭർത്താവാണ് എത്തിയതെന്ന് കരുതിയാണ് അവർ പുറത്തേക്ക് പോയതെന്നാണ് വിവരം.
സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ മുഖം തുണികൊണ്ട് മറച്ച നിലയിൽ ഒരാൾ പ്രവേശന കവാടത്തിന് സമീപം കാത്തുനിൽക്കുന്നതായി കാണ്ടെത്തിയിട്ടുണ്ട്. സന്ധ്യ പുറത്തേക്കെത്തിയ ഉടൻ ഇയാൾ അവരുടെ കൈയിൽ പിടിച്ചുവലിച്ച് ആക്രമണം ആരംഭിച്ചു. തുടർന്ന് കുറഞ്ഞത് 20 തവണ കത്തി കൊണ്ട് കുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നിലത്തുവീണ് സഹായത്തിനായി നിലവിളിച്ചിട്ടും ആക്രമണം തുടരുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ധ്യ പിന്നീട് മരണത്തിന് കീഴടങ്ങി. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതിയായ അമിത്തിനെ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് തിരിച്ചറിഞ്ഞ് പിടികൂടി. സന്ധ്യയുടെ ഭർത്താവ് വികാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെക്ടർ 58 പൊലീസ് സ്റ്റേഷനിൽ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊലീസിന്റെ അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, സന്ധ്യ മുമ്പ് ഫരീദാബാദിലെ കോട്ട് ഗ്രാമത്തിലെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു. ആ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം അമിത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു. അവിടെവെച്ചാണ് അമിത്ത് ആദ്യമായി സന്ധ്യയുമായി പരിചയപ്പെടുന്നത്.
തുടർന്ന് അമിത്ത് സന്ധ്യയെ നിരന്തരം ശല്യപ്പെടുത്തുകയും പിന്തുടരുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. ഇതിനെ തുടർന്ന് സന്ധ്യ ആ ജോലി ഉപേക്ഷിച്ച് സിക്രോണയിലെ മറ്റൊരു സ്കൂളിലേക്ക് മാറിയെങ്കിലും പിന്തുടരൽ അവസാനിച്ചില്ല. അമിത്തിനെതിരെ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെ അമിത്ത് മാപ്പ് പറഞ്ഞെങ്കിലും അതിന്റെ വിരോധം മനസ്സിൽ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.



















































