ആലപ്പുഴ: കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത 13 കാരി ഉൾപ്പെടെ മൂന്നു പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടുനൽകാൻ ആലപ്പുഴ ജുവനൈൽ കോടതിയുടെ ഉത്തരവ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിടാനുള്ള വ്യവസ്ഥ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഇല്ല എന്നും അത്തരത്തിലുള്ള മുൻ കോടതിവിധികൾ ഇല്ലെന്നുമുള്ള വാദം തള്ളിയാണ് കോടതിയുടെ അസാധാരണ നടപടിയുണ്ടായത്.
ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ കുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിടാനുള്ള വ്യവസ്ഥ ഇല്ലെങ്കിൽ ക്രിമിനൽ നടപടി ചട്ടത്തിൽ പറയുന്ന വ്യവസ്ഥകൾ അനുസരിച്ചു, തെളിവെടുപ്പിന് വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
മാത്രമല്ല കുട്ടികളെ ലോക്കപ്പിലും ജയിലിലും പാർപ്പിക്കരുതെന്നു മാത്രമേ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പറയുന്നുള്ളൂ. കുട്ടികൾ മാത്രം പ്രതികളായ, ദൃക്സാക്ഷികൾ ഇല്ലാത്ത, അടച്ചിട്ട വീട്ടിൽ അർദ്ധരാത്രിയിൽ നടത്തിയ കൊലപാതകത്തിൽ, പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കിൽ കേസ് ദുർബലപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കുട്ടികളെ ദുരുപയോഗം ചെയ്തു കൊലപാതകം നടത്തിയാൽ, നിയമ പരിരക്ഷ കിട്ടില്ല എന്ന സന്ദേശമാണ് ഈ വിധിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. 13 വയസ്സുകാരി ഉൾപ്പെടെ മുഴുവൻ പേരും പ്രായപൂർത്തിയാകാത്തവർ ആയ കൊലക്കേസ് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ്. കരുവാറ്റയിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാറാണ് (65) കഴിഞ്ഞ ഓഗസ്റ്റ് 15ന് കൊല്ലപ്പെട്ടത്. മോശമായി പെരുമാറിയെന്ന് ചെറുമകളായ പെൺകുട്ടി പറഞ്ഞതിനെ തുടർന്നാണ് കരുവാറ്റയിലെ ഗൃഹനാഥനെ കൊന്നതെന്നാണ് അറസ്റ്റിലായ ആൺകുട്ടികൾ നേരത്തെ മൊഴി നൽകിയത്.






