കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി നേതാവ് പി.സി ജോർജ്. ഒരു കാരണവശാലും താൻ ബിജെപി വിട്ടുപോകില്ലെന്നും പിസി പറഞ്ഞു. മുസ്‌ലിം തീവ്രവാദികൾ രണ്ട് പ്രാവശ്യം തന്നെ കൊല്ലാൻ വന്നപ്പോൾ അന്നു രക്ഷിച്ചത് ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ്. അതുകൊണ്ട് പാർട്ടി മാറുന്ന പ്രശ്‌നമില്ല. തീവ്രവാദികൾ എല്ലാ മതത്തിലുമുണ്ട്. എന്നാൽ മുസ്‌ലിംകൾക്കിടയിൽ തീവ്രവാദികൾ കൂടതലാണെന്നും പി.സി ജോർജ് പറഞ്ഞു.
അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ബിജെപി നാലരക്കോടി രൂപ വീതം ചെലവഴിച്ചെന്ന് പി.സി ജോർജ് വെളിപ്പെടുത്തിയിരുന്നു. പൂഞ്ഞാർ മണ്ഡലത്തിനായി ലഭിച്ച നാലരക്കോടിയിൽ തട്ടിപ്പ് നടന്നുവെന്നും ബിജെപി മധ്യമേഖല ജനറൽ സെക്രട്ടറി സജി കുരിക്കാട് പണം മുക്കിയെന്നും പി.സി ജോർജ് ആരോപിച്ചിരുന്നു. ഈ പരാമർശം വിവാദമായതോടെ പി.സി ജോർജ് മലക്കം മറിഞ്ഞു. എരുമേലിയിൽ പറഞ്ഞതെല്ലാം തെറ്റിദ്ധാരണ മൂലമാണെന്നായിരുന്നു വിശദീകരണം.
സജി കുരിക്കാട് സത്യസന്ധനായ വ്യക്തിയാണെന്നും ആരും ഒരു രൂപ പോലും മോഷ്ടിച്ചിട്ടില്ലെന്നും പി.സി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ചിലർ തന്നെ തെറ്റിദ്ധരിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫണ്ട് കൃത്യമായി തന്നെ വിനിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





