കോട്ടയം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട പ്രസംഗം വിവാദമായതിന് പിന്നാലെ നിന്ന നിൽപ്പിൽ മലക്കംമറിഞ്ഞ് പി.സി. ജോർജ്. ആരും ഒരു പൈസ പോലും തെരഞ്ഞെടുപ്പ് ഫണ്ടിൽനിന്ന് മോഷ്ടിച്ചിട്ടില്ലെന്നായിരുന്നു പി.സി.ജോർജിന്റെ പുതിയ പ്രസ്താവന. നേരത്തെ പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് ഫണ്ട് അടിച്ചുമാറ്റിയെന്ന് അദ്ദേഹം ബിജെപി വേദിയിൽതന്നെ ആരോപിച്ചിരുന്നു. എരുമേലിയിൽ നടന്ന ബിജെപി യോഗത്തിലാണ് പി.സി. ജോർജ് ഈ ആരോപണം ഉന്നയിച്ചത്. 4.45 കോടി രൂപ പൂഞ്ഞാറിൽ പാർട്ടി ചെലവാക്കിയെന്നും അതിന്റെ കണക്ക് കാണിച്ചാൽ പാർട്ടി പ്രവർത്തകർക്ക് നാണക്കേടാകുമെന്നും ജോർജ് പറഞ്ഞിരുന്നു.
ഓരോ ബൂത്തിലും 31000 രൂപ നൽകാനാവശ്യപ്പെട്ടെങ്കിലും പലർക്കും പണം ലഭിച്ചിരുന്നില്ല. സജി കുരിക്കാടിനെയാണ് ഫണ്ടിന്റെ ചുമതല ഏൽപ്പിച്ചിരുന്നതെന്നും ജോർജ് ആരോപിക്കുകയുണ്ടായി. ഇത് വാർത്തയായ വിവാദമായതോടെയാണ് പി.സി. ജോർജ് മലക്കംമറിഞ്ഞത്.
എരുമേലിയിൽ താൻ പറഞ്ഞത് തെറ്റിദ്ധാരണമൂലമാണെന്ന് പി.സി.ജോർജ് പറഞ്ഞു. ഒരു നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാനാകുക 40 ലക്ഷം രൂപയാണ്. എന്നാൽ തനിക്ക് അത്ര ചെലവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എരുമേലിയിൽ ഞാൻ പറഞ്ഞത് തെറ്റാണ്. സജി കുരിക്കാട് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിരമിച്ച അധ്യാപകനാണ്. അഞ്ച് പൈസ പോലും മോഷ്ടിക്കുന്ന ആളല്ല. ഇതാണ് സത്യം. എരുമേലിയിൽ പറഞ്ഞ കാര്യങ്ങളിൽ ക്ഷമ ചോദിക്കുന്നു, ചിലർ തന്നെ തെറ്റിദ്ധരിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫണ്ട് കൃത്യമായി തന്നെ വിനിയോഗിച്ചിട്ടുണ്ട്- പി.സി. ജോർജ് പറഞ്ഞു.
അതുപോലെ ബിജെപി വിടുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും തനിക്ക് ഒറ്റ തന്തയേ ഉള്ളൂ. അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദി തന്നെയാണ്. മാറുന്ന പ്രശ്‌നമില്ലെന്നും പി.സി.ജോർജ് പറഞ്ഞു. ക്രിസ്ത്യൻ സമുദായം ഒറ്റക്കെട്ടായി യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതാണ് തന്റെ തോൽവിക്ക് കാരണമായതെന്നും ജോർജ് വ്യക്തമാക്കി.





