പത്തനംതിട്ട: ആറന്മുളയിലെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്ത്. തനിക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു എന്നും തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് വീണാ ജോർജ് പറഞ്ഞത്. ഒഴിവാക്കണമെന്ന ആവശ്യം ജില്ലാ നേതൃത്വം അംഗീകരിച്ചില്ലെന്നും സ്ഥാനാർത്ഥിയാകാൻ മറ്റാരും ഇല്ല എന്നാണ് ജില്ലാ നേതൃത്വം അറിയിച്ചതെന്നും വീണാ ജോർജ് പറഞ്ഞു.
‘മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ ആദ്യം തന്നെ താൻ അറിയിച്ചിരുന്നു. എന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ല. സ്ഥാനാർത്ഥിയാകാൻ മറ്റാരുമില്ല എന്ന് പറഞ്ഞ് നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കി. എന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി സ്ഥാനം ഓമല്ലൂർ ശങ്കരൻ സ്വയം ഒഴിഞ്ഞിരുന്നു. എന്നാൽ സ്ഥാനാർത്ഥിക്ക് താൽപ്പര്യം ഇല്ലാത്തതിനാലാണ് ഒഴിവാക്കിയത് എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചു.
ഇത് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തി. നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കിയ ശേഷമാണ് ഇത്തരം വിമർശനങ്ങൾ. എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കും’ എന്നാണ് വീണാ ജോർജ് പറഞ്ഞത്. അതേസമയം സ്ഥാനാർത്ഥി മോശമായിരുന്നു എന്നതുൾപ്പെടെയുളള വ്യക്തിപരമായ വിമർശനങ്ങളോടായിരുന്നു അവരുടെ പ്രതികരണം. ഇതിനിടെ 2016-ൽ എ പത്മകുമാർ വീണാ ജോർജിനെ പരാജയപ്പെടുത്താൻ ശ്രമിച്ചതായും ഇത്തവണയും വീണാ ജോർജിനെ പരാജയപ്പെടുത്താൻ ശ്രമം നടന്നെന്നും യോഗത്തിൽ വിമർശനമുയർന്നു.
എന്നാൽ ആറന്മുളയിലെ വീണാ ജോർജിന്റെ പരാജയത്തിന് കാരണം അവരുടെ പെരുമാറ്റമാണ് എന്നതുൾപ്പെടെ വിമർശനങ്ങളാണ് നേരത്തെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ഉയർന്നത്. സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ഫോൺ വിളിച്ചാൽ പോലും വീണ എടുക്കാറില്ല. അനാവശ്യ വിവാദങ്ങളിൽ പോയി തലവയ്ക്കുന്നത് പതിവായിരുന്നു എന്നും വിമർശനമുയർന്നിരുന്നു.


















































