കൊച്ചി: ലഹരി നൽകി തന്നെ പീഡിപ്പിക്കുകയും ക്രൂരമായി മർദിച്ച് സ്വകാര്യ ദൃശ്യങ്ങൾ ടെലിഗ്രാമിൽ പങ്കുവെക്കുകയും ചെയ്ത കേസിൽ ഭർത്താവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അധ്യാപികയായ തൃശൂർ സ്വദേശിനി രംഗത്ത്. ഭർത്താവ് പാലക്കുഴ അമ്പലംകുന്ന് സ്വദേശി പ്രശാന്ത് പരമേശ്വരൻ ലഹരിക്കടിമയെന്ന് അധ്യാപിക ആരോപിച്ചു. കൂടാതെ മയക്കുമരുന്ന് ഇൻജെക്ഷൻ എടുക്കാറുണ്ടെന്നും അധ്യാപിക വെളിപ്പെടുത്തി.
ഷമീർ എന്ന ലഹരിക്കേസ് പ്രതിയുമായി തന്റെ ഭർത്താവിന് വർഷങ്ങളായി ബന്ധമുണ്ട്. കാക്കനാടുള്ള ഷെമീറിന്റെ ഫ്ലാറ്റിലേക്ക് ഇയാൾ സ്ഥിരമായി പോകും. ഇയാൾക്ക് എവിടെ നിന്നാണ് ലഹരി കിട്ടുന്നത് എന്നതടക്കമുള്ള വിവരങ്ങൾ ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. ഇയാളുടെ ഫോൺ ചെക്ക് ചെയ്താൽ ഇതിനെ കുറിച്ചുള്ള ഡീറ്റെയ്ൽസ് കിട്ടും. എന്നാൽ അതൊന്നും കൂത്താട്ടുകുളം പോലിസ് ചെയ്തിട്ടില്ല. കൂത്താട്ടുകളം എസ്എച്ച്ഒയിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാണിച്ച് കമ്മിഷണർക്ക് പരാതി നൽകിയത്. പിന്നാലെ കേസ് പുത്തൻകുരിശ് ഡിവൈഎസ്പിക്ക് കൈമാറിയെന്നും അധ്യാപിക വ്യക്തമാക്കി.
അതേസമയം ഇയാൾ എംഡിഎംഎ ഇപ്പോഴും വാങ്ങുന്നും പനങ്ങാട് സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതിയാണെന്നും തൃശൂർ സ്വദേശിനി വെളിപ്പെടുത്തി. കൂത്താട്ടുകളം സ്റ്റേഷനിൽ തന്നെ അമ്മയെയും അച്ഛനെയും തല്ലിയത് അടക്കം നിരവധി ക്രിമിനൽ കേസുകളുണ്ട്. ഇവനെതിരെ താൻ ഇറങ്ങുമെന്ന് തോന്നിയപ്പോൾ തനിക്കെതിരെ തൂഫാനിൽ കള്ളപ്പരാതി നൽകി. തന്റെ വീട്ടിൽ ഡാൻസാഫ് സംഘമെത്തി വണ്ടി ചെക്ക് ചെയ്തിട്ട് പോയി. അതു തന്നെ ഭയപ്പെടുത്താൻ ചെയ്തതാണ്. കൂടാതെ ഈ കാര്യത്തിൽ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നും തന്റെ ജോലി തെറിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ശനിയാഴ്ച എഫ്ഐആർ ഇട്ട കേസിലെ അന്വേഷണം എന്തായെന്ന് അറിയാനായി ചൊവ്വാഴാച വിളിച്ചു നോക്കിയപ്പോൾ ഞങ്ങൾ തെളിവുകൾ ശേഖരിക്കാനുണ്ട്, അന്വേഷണം നടത്തുവല്ലേ, എപ്പോഴും വിളിക്കണ്ടെന്ന് പറഞ്ഞു. ഇയാളെ രക്തപ രിശോധനയ്ക്ക് വിധേയമാക്കിയാൽ അറിയാം ലഹരി ഉപയോഗത്തെ കുറിച്ച് അതും ചെയ്തിട്ടില്ല എന്ന് അധ്യാപിക പറഞ്ഞു.
അതേസമയം, പാലക്കുഴ അമ്പലംകുന്നിലെ പ്രശാന്തിന്റെ വീട്ടിൽ രാത്രികളിൽ കാറുകളും മറ്റ് വാഹനങ്ങളും എത്തുന്നതായി നാട്ടുകാരും പറഞ്ഞു. പ്രശാന്തിന്റെ വീട് അന്വേഷിച്ച് രാത്രികളിൽ പലതവണ അയൽവാസികളുടെ വീടുകളിലേക്കും ആളുകൾ എത്തിയിരുന്നതായാണ് നാട്ടുകാർ പറയുന്നു.






