അബുദാബി: ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനം തകർക്കാനുള്ള ശ്രമം തടയുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെന് ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായ പൊട്ടലേറ്റതായി റിപ്പോർട്ട്. ഒമാൻ സ്വദേശിയായ സഹപൈലറ്റ് കോക്പിറ്റിനുള്ളിൽ ‘ക്രാഷ് ആക്സ്’ ഉപയോഗിച്ച് ആക്രമിച്ചതിനെ തുടർന്നാണ് 38കാരനായ മച്ചാറിന് പരുക്കേറ്റത്.
കഴിഞ്ഞയാഴ്ചയാണ് 170ലേറെ യാത്രക്കാരുമായി ടെൽഅവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽവച്ച് സ്മിത്തിനു നേരെ ആക്രമണമുണ്ടായത്. സഹപൈലറ്റിന്റെ ആക്രമണത്തിനിടെ മച്ച്ഛറിന് ‘ഡിപ്രസ്ഡ് സ്കൾ ഫ്രാക്ചർ’ ഉണ്ടായെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കിയത്. തലയോട്ടിയുടെ ഒരു ഭാഗം പൊട്ടി അകത്തേക്ക് താഴ്ന്നുപോകുന്ന തരത്തിലുള്ള ഗുരുതര പരുക്കാണിത്. പൊട്ടിയ അസ്ഥിഭാഗം തലച്ചോറിൽ സമ്മർദം ചെലുത്തുകയോ തലച്ചോറിന് പരുക്കേൽപ്പിക്കുകയോ ചെയ്യാൻ സാധ്യതയുള്ളതിനാൽ അടിയന്തര ചികിത്സയും ശസ്ത്രക്രിയയും ആവശ്യമായി വരാം.
സൗദി അറേബ്യയിൽ അടിയന്തര ചികിത്സ ലഭിച്ച മച്ചാറിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു. പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ യുഎഇയിലേക്ക് മാറ്റുകയായിരുന്നു. കൈകാലുകൾ, നെഞ്ച്, വയറിന്റെ മുകൾഭാഗം എന്നിവിടങ്ങളിലും മച്ചാറിന് നിരവധി മുറിവുകളുണ്ട്. എന്നാൽ ആരോഗ്യനിലയിൽ ‘നല്ല പുരോഗതി’യുണ്ടെന്നും ചികിത്സയോട് അദ്ദേഹം മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ആഴ്ച സൗദി അറേബ്യയിൽ നിന്ന് എയർ ആംബുലൻസിലാണ് മച്ചാറിനെ അബുദാബിയിലെത്തിച്ചത്. സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചുവരികയാണ്. കുടുംബാംഗങ്ങൾക്ക് ആശുപത്രിയിൽ എത്തി അദ്ദേഹത്തെ കാണാനും അധികൃതർ അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ കുടുംബത്തെ കൃത്യമായി അറിയിക്കുന്നുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ സംഭാഷണത്തിനിടെ ആക്രമണത്തിന്റെ നിർണായക നിമിഷങ്ങളെക്കുറിച്ചും മച്ചാർ വിശദീകരിച്ചിരുന്നു. താൻ നിലത്ത് വീണ് കിടക്കുന്നതിനിടയിലും ആക്രമണം തുടരുകയായിരുന്നുവെന്നും ഇതിനിടെയാണ് 170ലേറെ യാത്രക്കാരുമായി വിമാനം താഴേക്ക് പതിക്കുകയാണെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് FZ1073 വിമാനമാണ് സെപ്റ്റംബർ 30ന് ആക്രമണത്തിനിരയായത്. യാത്ര തുടങ്ങി ഏകദേശം രണ്ടര മണിക്കൂറിന് ശേഷം വിമാനം ഏകദേശം 18,000 അടി താഴേക്ക് പതിച്ചു. ആദ്യം വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിന് അടിയന്തര സന്ദേശം ലഭിക്കുകയും പിന്നീട് ഹൈജാക്കിങ് സൂചിപ്പിക്കുന്ന സ്ക്വോക്ക് 7500 കോഡ് സജ്ജമാക്കുകയും ചെയ്തു.
പിന്നീട് ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമദ് അൽ-ഹമ്മാമി മച്ചാറിനെ കുത്തിയതായും തുടർന്ന് വിമാനം തകർക്കാൻ ശ്രമിച്ചതായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. സംഭവം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.




