അഹമ്മദാബാദ്: ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ മുൻ മന്ത്രിയും ദേവ്ഗഢ് ബാരിയ എംഎൽഎയുമായ ബച്ചു ഖാബാദിന്റെ വീട് കഴുകാനും വെള്ളം തളിക്കാനും മുനിസിപ്പൽ അഗ്നിശമന സേനയെ ഉപയോഗിച്ചെന്ന ആരോപണം പുതിയ രാഷ്ട്രീയ വിവാദമാകുന്നു. സംഭവത്തിൽ കോൺഗ്രസ് കടുത്ത വിമർശനവുമായി രംഗത്തെത്തി. പ്രദേശത്ത് രൂക്ഷമായ ജലക്ഷാമം തുടരുന്നതിനിടെ എംഎൽഎയ്ക്ക് മുനിസിപ്പൽ സംവിധാനങ്ങൾ ഉപയോഗിച്ച് വിഐപി സേവനം നൽകിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. 24 കിലോമീറ്റർ അകലെനിന്ന് അഗ്നിശമന സേനയെ ബംഗ്ലാവ് കഴുകാൻ വിളിച്ചുവരുത്തുകയായിരുന്നു.
എംഎൽഎയുടെ ഭാഗത്തുനിന്ന് ലഭിച്ച ഫോൺകോളിനെ തുടർന്നാണ് ഫയർ ടെൻഡർ അയച്ചതെന്ന് മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി. തീപ്പിടിത്ത സന്ദേശമുണ്ടെന്ന് പറഞ്ഞ് നഗർപാലിക പ്രസിഡന്റ് ധർമേഷ് കലാലിൽ നിന്നാണ് ഞങ്ങൾക്ക് കോൾ വന്നത്. ഇതൊരു പ്രത്യേക സന്ദേശമാണോ അതോ തീപ്പിടിത്ത സന്ദേശമാണോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. വാഹനം അയയ്ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഞങ്ങളുടെ ആളുകൾ അവിടെ എത്തിയപ്പോൾ, വീടിന്റെ പുറംചുമര് കഴുകാനാണ് എംഎൽഎയുടെ ആളുകൾ ആവശ്യപ്പെട്ടത്.’ എന്ന് ഫയർ ഓഫീസർ മയൂർ ചൗഹാൻ പറഞ്ഞു
ബംഗ്ലാവ് ക്ലീനാക്കാനാണ് വിളിച്ചതെന്നറിഞ്ഞതോടെ പ്രവർത്തനം നിർത്തിച്ച് ഫയർ ടെൻഡർ തിരിച്ചുവിളിച്ചതായും അധികൃതർ പറഞ്ഞു. ദേവ്ഗഢ് ബാരിയ മുനിസിപ്പാലിറ്റി പ്രസിഡന്റ് ധർമേഷ് കലാലിന്റെ വിശദീകരണമനുസരിച്ച്, ഫയർ സർവീസിന് സാധാരണയായി ലഭിക്കുന്ന കോളുകളിൽ ആവശ്യത്തിന്റെ ഉദ്ദേശ്യം വിശദമായി അന്വേഷിക്കാറില്ല. പ്രത്യേകിച്ച് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുള്ള അഭ്യർഥനയായതിനാൽ ലഭിച്ച കോളിന്റെ അടിസ്ഥാനത്തിലാണ് ഫയർ ടെൻഡർ അയച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വാഹനം ബംഗ്ലാവ് വൃത്തിയാക്കാനാണ് ഉപയോഗിക്കുന്നതെന്ന് അറിഞ്ഞതോടെ നടപടി ഉടൻ അവസാനിപ്പിച്ചു.
സംഭവം ഞായറാഴ്ച നടന്നതിനാൽ ബില്ലിങ് നടപടികൾ വൈകിയെന്നും തുടർന്ന് ഫൈൻ ഖാബാദ് അടച്ചെന്നും കലാൽ പറഞ്ഞു. ഫയർ ടെൻഡറിന്റെയും അതിലൂടെ നൽകിയ വെള്ളത്തിന്റെയും ദുരുപയോഗവുമായി ബന്ധപ്പെട്ട് 2,750 രൂപ ഖാബാദിൽ നിന്ന് പിഴയായി ഈടാക്കിയതായും മുനിസിപ്പാലിറ്റിയുടെ ചീഫ് ഓഫീസർ വ്യക്തമാക്കി.
മുനിസിപ്പൽ പ്രസിഡന്റ് നൽകിയ നിർദേശത്തെ തുടർന്നാണ് ഫയർ ടെൻഡർ അയച്ചത്. എന്നാൽ വാഹനം എംഎൽഎയുടെ ബംഗ്ലാവ് കഴുകാനാണ് ഉപയോഗിക്കുന്നതെന്ന് തനിക്ക് അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തെത്തിയപ്പോഴാണ് യഥാർഥ ആവശ്യം മനസിലായത്. തുടർന്ന് വീട് ക്ലീനാക്കുന്നത് നിർത്തി വാഹനം തിരിച്ചുവിളിക്കുകയും ചീഫ് ഓഫീസറെ വിവരം അറിയിക്കുകയും ചെയ്തു. ബംഗ്ലാവ് കഴുകാനാണ് ഫയർ ടെൻഡർ ആവശ്യപ്പെട്ടതെന്ന് മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ വാഹനം അയയ്ക്കില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ദാഹോദ് സിറ്റി കോൺഗ്രസ് പ്രസിഡന്റ് രാജേഷ് റാവൽ സംഭവത്തെ രൂക്ഷമായി വിമർശിച്ചു. എംഎൽഎയുടെ വീട്ടിലേക്ക് ഫയർ ടെൻഡർ പോകാൻ അനുമതി നൽകിയത് ആരാണെന്നും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ എന്തുകൊണ്ടാണ് വിശദീകരണം നൽകാത്തതെന്നും അദ്ദേഹം ചോദിച്ചു.
കൂടാതെ ദേവ്ഗഢ് ബാരിയയിലെ ജലക്ഷാമവും റാവൽ ചൂണ്ടിക്കാട്ടി. പ്രദേശത്തെ ജനങ്ങൾക്ക് രണ്ട് ദിവസത്തിലൊരിക്കൽ മാത്രമാണ് മുനിസിപ്പൽ വെള്ളം ലഭിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇത്തരമൊരു സാഹചര്യത്തിൽ ഒരു ജനപ്രതിനിധിയുടെ വീട്ടിലേക്ക് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് വെള്ളം എത്തിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തെ വിഐപി സേവനം എന്നാണ് റാവൽ വിശേഷിപ്പിച്ചത്.
വിഷയത്തിൽ മുനിസിപ്പൽ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കേണ്ടി വരുമെന്നും കോൺഗ്രസ് നേതാവ് മുന്നറിയിപ്പ് നൽകി. സംഭവം വെള്ളത്തിന്റെ ദുരുപയോഗം മാത്രമല്ലെന്നും സർക്കാർ സംവിധാനങ്ങളുടെ ഉത്തരവാദിത്തവും അധികാരത്തിലുള്ളവർക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനയും സംബന്ധിച്ച വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ബച്ചു ഖാബാദിന്റെ കുടുംബം നേരത്തെ ഉൾപ്പെട്ടിരുന്ന MGNREGA അഴിമതി ആരോപണവും വീണ്ടും ചർച്ചയായി. 2025 മേയിൽ കോടിക്കണക്കിന് രൂപയുടെ തൊഴിലുറപ്പ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഖാബാദിന്റെ മക്കളായ ബൽവന്ത് ഖാബാദിനെയും കിരൺ ഖാബാദിനെയും ദാഹോദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും കോൺഗ്രസ് തന്റെ കുടുംബത്തെ ലക്ഷ്യമിടുകയാണെന്നും പറഞ്ഞ് ഖാബാദ് അന്ന് ആരോപണം നിഷേധിച്ചിരുന്നു. കുടുംബം മെറ്റീരിയൽ സപ്ലൈ ബിസിനസിൽ മാത്രമാണ് ഏർപ്പെട്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കുടുംബത്തിനെതിരായ അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ ഖാബാദിനെ നിരവധി സജീവ മന്ത്രിതല ചുമതലകളിൽ നിന്നും നിയമസഭാ നടപടികളിൽ നിന്നും പ്രധാന സർക്കാർ പരിപാടികളിൽ നിന്നും മാറ്റിനിർത്തിയിരുന്നു. ഗുജറാത്ത് സർക്കാരിന്റെ അഴിമതിക്കെതിരായ ‘സീറോ ടോളറൻസ്’ നിലപാടിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടികൾ. തുടർന്നുള്ള സംഭവവികാസങ്ങൾ ഖാബാദിന്റെ ഗുജറാത്ത് മന്ത്രിസഭയിൽ നിന്നുള്ള പുറത്താകലിനും വഴിവെച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.




