ന്യൂഡൽഹി: ഡൽഹിയിലെ ലോധി കോളനിയിലെ ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുണ്ടായ തിപിടിത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വെന്തുമരിച്ചു. ലോധി കോളനിയിലെ ബി.കെ. ദത്ത് കോളനിയിലെ ചാവ്‌ല സ്വീറ്റ്‌സിന് എതിർവശത്തുള്ള കെട്ടിടത്തിൽ ചൊവ്വാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ കെട്ടടത്തിനുള്ളിൽ അകപ്പെട്ട 45 വയസുള്ള അമ്മയും 7, 13 വയസുള്ള രണ്ട് പെൺമക്കളും വെന്തുമരിച്ചു.
ഇന്നു രാവിലെ 10:21ഓടെയാണ് ഡൽഹി ഫയർ സർവീസിന് അടിയന്തര കോൾ ലഭിച്ചത്. “വീട്ടിൽ തീപിടിച്ചു… ഞങ്ങൾ അകത്ത് കുടുങ്ങിയിരിക്കുകയാണ്… ദയവായി ഉടൻ സഹായം അയക്കൂ” എന്നായിരുന്നു ആ സന്ദേശം. നിമിഷങ്ങൾക്കുള്ളിൽ തന്നെ ശബ്ദം മങ്ങുകയും കോൾ വിച്ഛേദിക്കപ്പെടുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. രണ്ട് ഫയർ എഞ്ചിനുകളും മൂന്ന് ആംബുലൻസുകളും അടിയന്തരമായി വിന്യസിച്ചു. എന്നാൽ രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോഴേക്കും കെട്ടിടത്തിന്റെ മുകളിൽ നില മുഴുവൻ തീ വിഴുങ്ങിയിരുന്നു. കനത്ത പുക ഉയർന്നതോടെ പ്രദേശത്ത് ഭീതിയാന്തരീക്ഷം രൂപപ്പെട്ടു.
ഫയർഫോഴ്‌സ് സംഘം വീടിന്റെ വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോൾ,അകത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. തീ വളരെ വേഗത്തിൽ പടർന്നതുകൊണ്ട് രക്ഷപ്പെടാൻ യാതൊരു അവസരവും ലഭിച്ചില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പിന്നീട് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലു, ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന സംശയത്തിലാണ് പോലീസ്. അന്വേഷണം തുടരുകയാണ്.

















































