ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ പ്രതികളുടെ വാദം പച്ചക്കള്ളമെന്ന് എസ്ഐടി റിപ്പോർട്ട്. നവകേരള ബസിന് നേരെ അങ്ങനെയൊരു കല്ലേറ് ഉണ്ടായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ലെന്നും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ മൊഴിയും പ്രതികൾക്കെതിരാണെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് ബസ് ഡ്രൈവർ അഭിലാഷിന്റെ മൊഴി. കൂടാതെ കേടുപാടുകൾ സംഭവിച്ചതായി കെഎസ്ആർടിസി മെക്കാനിക്കൽ എഞ്ചിനീയറുടെ റിപ്പോർട്ടിലും ബസിന്റെ ഒഫീഷ്യൽ രേഖകളിലും ഇല്ലെന്നും എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം 308 ആം വകുപ്പ് ഉൾപ്പെടുത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും എസ്ഐടി വ്യക്തമാക്കുന്നു. പ്രതികൾ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും അന്വേഷണ സംഘം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ വിദഗ്ധരുടെയും അഭിപ്രായവും എസ്ഐടി സംഘം തേടി. മരണം വരെ സംഭവിക്കാവുന്ന മർദനമായിരുന്നു ഉണ്ടായതെന്ന് വിദഗ്ധ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. നരഹത്യശ്രമകുറ്റം ചുമത്തിയത് മെഡിക്കൽ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണെന്നും എസ്ഐടി വ്യക്തമാക്കുന്നു. കേസന്വേഷണം നിർണായക ഘട്ടത്തിലാണ്. പ്രതികളെ കസ്റ്റഡിയിൽ വേണ്ടത് അന്വേഷണത്തിന് അത്യാവശ്യമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. പ്രതികൾ സ്വാധീനം ഉള്ളവരാണെന്നും പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നുണ്ട്.
2023 ഡിസംബറിലാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുന്നത്. സംഭവത്തിൽ ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻ്റ് ചെയ്തതിരുന്നു.






