ചെന്നൈ: സർക്കാർ നടപ്പാക്കുന്ന ‘തായ്‌മാമൻ തങ്കമോതിരം’ പദ്ധതിപ്രകാരം കുഞ്ഞിന് സ്വർണമോതിരം നൽകിയില്ലെന്ന് ആരോപിച്ച് നഴ്‌സിനെയും മറ്റ് രണ്ടുപേരെയും ആക്രമിച്ചു. കുംഭകോണത്തിന് സമീപം പട്ടേശ്വരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് അലമേലുവിനും ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.
സമത്വപുരം സ്വദേശി മദനാണ് ചട്ടുകം ഉപയോഗിച്ച് ഇവരെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദന്റെ ഭാര്യ വനിത അടുത്തിടെ സർക്കാർ ആശുപത്രിയിൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരുന്നു. സർക്കാർ പ്രഖ്യാപിച്ച ‘തായ്‌മാമൻ തങ്കമോതിരം’ പദ്ധതിപ്രകാരം കുഞ്ഞിന് സ്വർണമോതിരത്തിന് അർഹതയുണ്ടായിരുന്നുവെന്നാണ് മദന്റെ വാദം. എന്നാൽ നഴ്‌സ് അലമേലു മോതിരം നൽകുന്നത് നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് വിവരം.
സംഭവത്തിൽ പട്ടേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.




