കോഴിക്കോട്: കെ.ആർ. മീരയുടെ പുതിയ നോവലായ ‘കലാച്ചി’ക്കെതിരെ ഉയർന്ന കോപ്പിയടി ആരോപണങ്ങൾക്കെതിരെ വീണ്ടും വിവാദങ്ങൾ പുകയുന്നു. കെ.ആർ. മീര ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ, ‘സിൻ’ എന്ന നോവലിന്റെ രചയിതാവ് ഹരിത സാവിത്രി വിശദീകരണവുമായി രംഗത്തെത്തി. 2020 നവംബർ മുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് ‘കലാച്ചി’യുടെ ആദ്യ ആറ് അധ്യായങ്ങൾ മാത്രമാണെന്ന് ഹരിത ചൂണ്ടിക്കാട്ടുന്നു.
ഈ വസ്തുത മറച്ചുവെച്ച്, നോവൽ 2020 മുതൽ പൂർണമായി പ്രസിദ്ധീകരിച്ചതാണെന്ന രീതിയിൽ കെ.ആർ. മീര വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു. പുസ്തകം പൂർണമായി വായിച്ചപ്പോഴാണ് ‘സിൻ’ എന്ന തന്റെ നോവലുമായി അടിസ്ഥാനപരമായ സാമ്യങ്ങൾ തോന്നിയത്. വായന തുടങ്ങിയപ്പോൾ തന്നെ ഈ സാമ്യം തനിക്ക് വ്യക്തമായിരുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു.കെ.ആർ. മീരയോടുള്ള തന്റെ പഴയ ആരാധനയെക്കുറിച്ച് വ്യക്തമാക്കിയ ഹരിത,‘കലാച്ചി’ കയ്യിൽ കിട്ടിയപ്പോൾ ആവേശത്തോടെ ഫോട്ടോ എടുത്തത് അതുകൊണ്ടാണെന്ന് പറയുന്നു.
എന്നാൽ, പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ അനുഭവപ്പെട്ട നിരാശ, മീരയുടെ ഭർത്താവിനോട് അന്നേ വ്യക്തമായി പങ്കുവെച്ചിട്ടുണ്ടെന്നും അതിനുശേഷം താൻ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവാദങ്ങളിൽ തനിക്ക് പങ്കില്ല. ബിജി ഡാനിയൽ, രാധിക സി നായർ തുടങ്ങിയവർ ഉയർത്തിയ ആരോപണങ്ങളെ താൻ നേരത്തെ തന്നെ അവഗണിക്കാൻ തീരുമാനിച്ചതാണ്. ഈ വിഷയത്തെ ഇത്രത്തോളം വഷളാക്കിയത് രാധിക സി നായരാണെന്നും, അവരാണ് ഈ ‘നാടകത്തിന്റെ സംവിധായിക’യെന്നും ഹരിത രൂക്ഷമായി വിമർശിച്ചു.























































