ബെംഗളൂരു: നാല് മാസത്തിനുള്ളിൽ വിവാഹം കഴിക്കാനിരിക്കെ സുഹൃത്തുക്കളുടെ ക്രൂരമായ സന്തോഷം യുവാവിന്റെ ജീവനെടുത്തു. അടുത്തിടെ നടന്ന ഒരു പിറന്നാൾ പാർട്ടിക്കിടെ ചില സുഹൃത്തുക്കൾ പ്രാങ്ക് എന്ന പേരിൽ ആക്രമിച്ചതിനെ തുടർന്ന് സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി മുറിവേറ്റ ത്രിപുര സ്വദേശിയായ തപൻ നാഥ് (28) ജീവനൊടുക്കി.
കോറമംഗലയിലെ ഒരു പബ്ബിൽ അടുക്കള ജീവനക്കാരനായ തപൻ എജിപുരയിലെ അപ്പാർട്ട്മെന്റിൽ ജീവനൊടുക്കുകയായിരുന്നു. നാല് മാസത്തിനുള്ളിൽ വിവാഹം കഴിക്കാനിരുന്ന തപൻ തന്റെ അവസ്ഥ അറിഞ്ഞതിനെത്തുടർന്ന് അദ്ദേഹം കടുത്ത മാനസികാവസ്ഥയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം തപനെ തന്റെ വാടക വീട്ടിലെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ തന്റെ റൂംമേറ്റ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
അതേസമയം ഏകദേശം രണ്ട് മാസം മുമ്പ് തപൻ ഒരു സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പാർട്ടിക്കിടെ മദ്യപിച്ച സുഹൃത്തുക്കൾ തമാശയായി അദ്ദേഹത്തെ ആക്രമിച്ചു, ഇത് അദ്ദേഹത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ വരുത്തി. പിന്നീട് തപന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു, അദ്ദേഹം ഒരു സ്വകാര്യ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനായി. അവിടെ വച്ച് നടത്തിയ പരിശോധനയിൽ സുഹൃത്തുക്കളുടെ ആക്രമണത്തിൽ അദ്ദേഹത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരുക്കുപറ്റിയതായും ഭാവിൽ ഗുരുതര പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ഡോക്ടർമാർ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
മരിച്ചയാളുടെ സഹോദരൻ തപസ് നാഥിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിവേക് നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ, സുഹൃത്തുക്കൾ നടത്തിയ ആക്രമണം എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


















































