ചെന്നൈ: തമിഴ്നാട്ടിലെ മാനവ വിഭവ ശേഷി മന്ത്രിയും ഡി. ശരത്കുമാർ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ലഹരി ഉപയോഗിച്ചതായി ആരോപണം. മത്സരത്തിനിടെ പൊടി പോലുള്ള പദാർഥം ഉപയോഗിക്കുന്നതിന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മറുപടിയുമായി മന്ത്രി രംഗത്തെത്തി.
വീഡിയോ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടതാണെന്നും മയക്കുമരുന്നല്ല, തന്റെ കുട്ടിക്കുള്ള ഗുളികയാണെന്നും ശരത്കുമാർ വിശദീകരിച്ചു. എന്നാൽ, മന്ത്രി ഉപയോഗിച്ചത് നിരോധിത ലഹരി മരുന്നാണെന്ന ആരോപണവുമായി ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിഡിയോ വൈറലായതോടെ ശരത് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നെറ്റിസൺസും രംഗത്തെത്തി.
മത്സരം കാണാൻ സ്റ്റേഡിയത്തിലിരിക്കെ പകർത്തിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടത്. മന്ത്രി എ.ടി.എം കാർഡും 500 രൂപ നോട്ടും ഉപയോഗിച്ച് സ്മാർട്ട്ഫോണിന്റെ സ്ക്രീനിൽവെച്ച് പൊടി പോലുള്ള വസ്തു പൊടിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾ. സംസ്ഥാനത്ത് ഭരണകക്ഷിയായ ടി.വി.കെ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണ് ശരത് കുമാറിന്റെ വീഡിയോ വൈറലായത്.
തുടർന്ന് വിവാദത്തിന് മറുപടിയായി ശരത് കുമാർ ഭാര്യക്കും മകൾക്കുമൊപ്പം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പുറത്തിറക്കി. ആരോപണങ്ങൾ നിഷേധിക്കുകയും തന്റെ കുട്ടിക്ക് നൽകാനായി ഗുളിക പൊടിച്ചതാണെന്നും ശരത് കുമാർ പറഞ്ഞു.
















































