ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നേരിട്ട പോലീസ് അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാർത്താ സമ്മേളനത്തിന് മുന്നോടിയായാണ് രാഹുൽ വിദ്യാർത്ഥികളെ ലാത്തിച്ചാർജ് ചെയ്യുന്ന വീഡിയോ പ്രദർശിപ്പിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തകർന്നതായി രാഹുൽ പറഞ്ഞു. അതുപോലെ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും എന്താണ് വിദ്യാർഥികൾ ചെയ്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. രാജ്യത്തെ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നുവെന്നും വിദ്യാർഥികൾ വലിയ സമ്മർദത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘ഈ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തകർന്നു. 152 ചോദ്യപേപ്പർ ചോർച്ച കഴിഞ്ഞ 10 വർഷത്തിൽ നടന്നു. 7.5 കോടി കുട്ടികളെ ഇത് ബാധിച്ചു. പക്ഷെ ഒരാളെയും ശിക്ഷിച്ചില്ല. സർക്കാർ വിദ്യാർഥികളുടെ ഭാവി തകർക്കുന്നു. ഇതാണ് യുവാക്കൾ പ്രതിഷേധിക്കാൻ കാരണം’, രാഹുൽ ഗാന്ധി പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ മധ്യവർഗ, ദരിദ്രകുടുംബങ്ങളെയാണ് ഇത് ബാധിച്ചതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അവരുടെ കുട്ടികളാണ് ഇരകളെന്നും സർക്കാർ അനങ്ങുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1.32 ലക്ഷം കോടിയാണ് ഒരു വർഷം നീറ്റ് തയ്യാറെടുപ്പിനായി കുട്ടികൾ ചെലവാക്കുന്നത്. 1.4 ലക്ഷം കോടിയാണ് രാജ്യത്തിന്റെ വിദ്യാഭ്യാസ ബജറ്റ്. ഇന്ത്യയിലെ യുവാക്കൾക്ക് ഭാവി ഇല്ല. സർക്കാർ ജോലി മാത്രമാണ് യുവാക്കൾക്ക് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
‘യുവാക്കൾക്ക് ചില ആവശ്യങ്ങൾ ഉണ്ട്. അതിൽ ഒന്ന് പരാജയപ്പെട്ട മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണം എന്നാണ്. രാജി 100 ശതമാനം ന്യായമായ ആവശ്യമാണ്. യുവാക്കളെ അക്രമിക്കാൻ ഉത്തരവ് ഇട്ടവർക്ക് എതിരെ നടപടി വേണം. പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണം. യുവാക്കളുടെ ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നു. കുട്ടികളുടെ പ്രതിഷേധത്തോട് 100 ശതമാനം യോജിപ്പാണ്. ജോലി നൽകാൻ സാധ്യതയുള്ള മേഖലകളെല്ലാം തകർന്നു. ഇത് വിദ്യാർഥികളുടെ തെറ്റല്ല. വിദ്യാർത്ഥികളെ ആക്രമിക്കാൻ നിർദേശം നൽകിയവർക്കും അതിക്രമം നടത്തിയവർക്കും എതിരെ നടപടി വേണം. തെരുവിൽ പ്രതിഷേധിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പിന്തുണ നൽകുന്നു’, രാഹുൽ ഗാന്ധി പറഞ്ഞു.



















































