പാലക്കാട്: കൊലപാതക ശ്രമക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തത് വിവാദമായി. സംഘടനയുടെ ജില്ലാ സമ്മേളനത്തിലാണ് ഷോർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സി. രാകേഷിനെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്തത്.
2025 ഒക്ടോബർ 8-ന് പാലക്കാട് വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗം വിനേഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് രാകേഷ് പ്രതിയായത്. ഫേസ്ബുക്കിൽ രാകേഷിനെ വിമർശിച്ച് കമന്റ് ചെയ്തതിനെ തുടർന്നാണ് ആക്രമണം നടന്നതെന്നാണ് ആരോപണം.
ആക്രമണത്തിൽ വിനേഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് അദ്ദേഹം കോമാവസ്ഥയിലായി മാസങ്ങളോളം ചികിത്സയിൽ തുടരുകയും ചെയ്തു.
ഇത്തരമൊരു ക്രിമിനൽ കേസിലെ പ്രതിയെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി ഉൾപ്പെടുത്തിയ നടപടി രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. വിഷയത്തിൽ സംഘടന ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
















































