തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്കും അവരുടെ വാഹനത്തിനും നേരെ ഇന്ന് നടന്ന ആക്രമണം ലജ്ജാകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. ഉത്തരവാദിത്തങ്ങൾ നേരിടാനുള്ള സിപിഎമ്മിന്റെ കടുത്ത വിമുഖതയെയാണ് ഇതിലൂടെ തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും അന്വേഷണം തടസപ്പെടുത്തുന്നതും രാഷ്ട്രീയ പ്രതിഷേധമല്ല, അത് നിയമവാഴ്ചയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം തങ്ങളുടെ രാഷ്ട്രീയ ഇരട്ടയായ സിപിഐഎമ്മിനെ സംരക്ഷിക്കാൻ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. അവർ രണ്ടല്ല ഒന്നാണെന്നും രാജീവ് പരിഹസിച്ചു. സത്യമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. ഒരു നേതാവോ പാർട്ടിയോ മുൻ മുഖ്യമന്ത്രിയോ നിയമത്തിന് അതീതരല്ല. ഭീഷണികളിലൂടെയോ അക്രമങ്ങളിലൂടെയോ രാഷ്ട്രീയ സമ്മർദ്ദത്തിലൂടെയോ നീതി അട്ടിമറിക്കപ്പെടില്ലെന്ന് ബിജെപി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

















































