തിരുവനന്തപുരം: ‘ഞാനും ഒരു സിപിഎം അനുഭാവിയാണ്, കാർ തല്ലിത്തകർത്തവർക്ക് അതറിയില്ലല്ലോ. ജീവിതമാർഗമാണിതെന്ന്…’ – പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സഞ്ചരിച്ചതെന്ന പേരിൽ സിപിഎം പ്രവർത്തകർ തകർത്തത് ടാക്സി കാർ.
റെയ്‍ഡിനു ശേഷം പുറത്തിറങ്ങിയ ഉദ്യോഗസ്ഥർ കയറിയ കാറുകൾ സിപിഎം പ്രവർത്തകർ അടിച്ചുതകർക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം തമ്പാനൂർ പൊലീസ് സ്‌റ്റേഷനിലേക്കാണു കാർ ഉൾപ്പെടെ, ആക്രമിക്കപ്പെട്ട വാഹനങ്ങൾ കൊണ്ടുവന്നത്. ‘ഇത്രയും ആളുകൾ ഒന്നിച്ച് ആക്രോശിച്ചു വന്നപ്പോൾ ഭയന്നുപോയി. നമ്മളും സാധാരണ പാർട്ടിക്കാരും തൊഴിലാളികളും ഒക്കെയാണ്. ടാക്‌സി ഓടിച്ചു ജീവിക്കുന്നവരാണ്.
അത് ആക്രമിച്ചവർ ആരും നോക്കുന്നില്ലല്ലോ. നമ്പർ പ്ലേറ്റ് നോക്കുമ്പോൾ ഇ.ഡി യുടെ വണ്ടിയാണെങ്കിൽ കുഴപ്പമില്ല. ഇത് നമ്മൾ കാശ് മുടക്കി വാങ്ങി ഓടിക്കുന്ന വണ്ടിയാണ്. അതാണ് അവർ അടിച്ചു തകർത്തത്. വിഷമമുണ്ട്. പരിശോധന കഴിഞ്ഞ് പോകാൻ സമയത്ത് ഇ.ഡി. ഉദ്യോഗസ്ഥർ വഴി ക്ലിയർ ആണോ എന്നു ചോദിച്ചിരുന്നു. എല്ലാം ഓക്കെയാണ്, പ്രശ്‌നമൊന്നുമില്ലെന്നു പറഞ്ഞു. പക്ഷേ പുറത്തേക്ക് ഇറങ്ങിയപ്പോൾ സംഭവം ആകെ മാറി. എല്ലാവരും കൂടി വളഞ്ഞു. പൊലീസിന്റെ കയ്യിൽ നിന്നില്ല. വണ്ടി അവർ ആക്രമിച്ചു.’ -തകർക്കപ്പെട്ട ടാക്സി കാർ ഓടിച്ച ലാലു പറഞ്ഞു. അതേസമയം സിപിഎം പ്രവർത്തകർ കയ്യിൽ കിട്ടിയ ചുടുകട്ടകൊണ്ട് കാറിന്റെ ഗ്ലാസ് എറിഞ്ഞ് തകർക്കുകയായിരുന്നു.
സാധാരണയായി ഇഡി ഉദ്യോഗസ്ഥർ ഇത്തരം റെയ്ഡുകൾക്കും പരിശോധനകൾക്കും പോകുമ്പോൾ പലപ്പോഴും ടാക്സി കാറുകൾ വാടകയ്ക്കു വിളിക്കുകയാണ് പതിവ്. അത്തരത്തിൽ ലാലുവിന്റെ കാറും അങ്ങനെ വാടകയ്ക്കു വിളിച്ചതായിരുന്നു.
















































