ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാൻസിനും ഭാര്യയും യുഎസ് സെക്കൻഡ് ലേഡിയുമായ ഉഷ വാൻസിനും നാലാമത്തെ കുഞ്ഞ് പിറന്നതിൽ അഭിനന്ദനം അറിയിക്കാനാണ് മോദി ഫോണിൽ ബന്ധപ്പെട്ടത്.
വാൻസ് ദമ്പതികൾക്ക് ആൺകുഞ്ഞാണ് ജനിച്ചത്. അലക് നീൽ വാൻസ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. സന്തോഷത്തിൽ പങ്കുചേർന്ന പ്രധാനമന്ത്രി വാൻസിനും കുടുംബത്തിനും ആശംസകൾ നേർന്നു.
ഔദ്യോഗിക ചർച്ചകൾക്കപ്പുറം ഇരുനേതാക്കളും തമ്മിലുള്ള സൗഹൃദപരമായ ആശയവിനിമയത്തിന്റെ ഭാഗമായിരുന്നു ഫോൺ സംഭാഷണം. അഭിനന്ദനങ്ങൾക്കൊപ്പം ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപ്രധാന വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തതായാണ് വിവരം.
ഇന്ത്യ യുഎസ് തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ആഗോള വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച നടന്നതായാണ് റിപ്പോർട്ട്.
ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നേതാക്കൾ തമ്മിലുള്ള ഇത്തരം ആശയവിനിമയങ്ങൾക്ക് പ്രാധാന്യമുണ്ട്. നയതന്ത്ര ചർച്ചകൾക്കപ്പുറം നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ സൗഹൃദവും ഉഭയകക്ഷി ബന്ധങ്ങൾക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.






