കണ്ണൂർ: മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരി. അർജുന്റെ അറസ്റ്റിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പ്രശംസിച്ച് രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നിരുന്നു. ഇതിനുപിന്നാലെയാണ് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്. മൂന്ന് പീഡന കേസുകളിൽ പ്രതി ചേർക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനു സംസ്ഥാന ആഭ്യന്തര വകുപ്പിൽ എന്താണ് കാര്യമെന്നാണ് ആകാശിന്റെ ചോദ്യം.
ആഭ്യന്തര മന്ത്രിയുടെ ഓഫിസിൽ രാഹുലിനൊപ്പം നിൽക്കുന്ന ഫോട്ടോ കെ.എം. ഹാരിസ് എന്ന കോൺഗ്രസ് നേതാവ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ആകാശ് തില്ലങ്കേരിയുടെ ചോദ്യം. പീഡന കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലി ഐപിഎസിനെ കേസ് അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കാനായുള്ള ചരടുവലികൾ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയെന്നും ആരോപണമുണ്ട്. മൂന്ന് പീഡന കേസുകളിൽ പ്രതി ചേർക്കപ്പെട്ട,അതിന്റെ പേരിൽ ഇത്തവണ പാലക്കാട് സീറ്റ് നിഷേധിക്കപ്പെട്ട,കോൺഗ്രസ് പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയിട്ടുള്ള രാഹുൽ മാങ്കൂട്ടത്തിൽ എന്ന പെർവെർട്ടിനു സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫിസിൽ എന്താണ് കാര്യം?
സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ പ്രളയജലം വന്ന് നിറഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് ക്യാംപ് ചെയ്ത് താൻ പ്രതിയാക്കപ്പെട്ടിട്ടുള്ള കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലി ഐപിഎസിനെ കേസ് അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കാനായുള്ള ചരടുവലികൾ നടത്തുകയായിരുന്നു ഇയാൾ എന്നാണറിവ്. അടുത്തിടെയായി ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെ സ്ഥിരം സന്ദർശകനാണത്രേ ഇദ്ദേഹം. ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത് എറണാകുളം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവായ കെ.എം.ഹാരിസാണ്. അടുത്ത തവണ ആഭ്യന്തര വകുപ്പ് മന്ത്രി മാധ്യമങ്ങളെ കാണുമ്പോൾ ഇതും കൂടി നിങ്ങൾ അദ്ദേഹത്തോടൊന്ന് ചോദിക്കണേ മാധ്യമപ്രവർത്തകരേ. നിയമം എല്ലാവർക്കും തുല്യമായിരിക്കണം. ആയങ്കിക്ക് ഒരു നിയമവും, രാഹുലിനു മറ്റൊരു നിയമവും എന്നത് പാടില്ല. അതായത്, രണ്ടും കൂടി ഒരുമിച്ചു വേണ്ടാ… എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.




