കൊച്ചി: ചോറ്റാനിക്കരയിൽ വീടിനുള്ളിൽ അർദ്ധനഗനയായി അവശനിലയിൽ കണ്ടെത്തിയ 20 കാരിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. സംഭവത്തിൽ, തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ യുവതിയുടെ വീട്ടിലേക്കെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അതേസമയം യുവതിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരേ ഗുരുതര വകുപ്പുകൾ ചുമത്തിയതായി പോലീസ് മാധ്യമങ്ങളെ അറിയിച്ചു. ഇയാൾക്കെതിരേ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയതായി ഡിവൈഎസ്പി വിടി ഷാജൻ പറഞ്ഞു. യുവതിക്ക് ദേഹോപദ്രവം ഏറ്റിറ്റുണ്ട്. കഴുത്തിൽ കയറുപയോഗിച്ച് മുറുക്കിയ പാടുകളുണ്ട്. കയ്യിലുണ്ടായ മുറിവുകളിൽ ഉറുമ്പ് അരിച്ചിട്ടുണ്ട്. ആരോഗ്യനിലയിൽ ഒന്നും പറയാനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാത്രി 10.15-ഓടെയാണ് യുവാവ് യുവതിയെ ആക്രമിക്കുന്നത്. സുഹൃത്ത് യുവതിയുടെ വീട്ടിലേക്ക് വന്നിരുന്നു. പിന്നീട്, ഇവർ തമ്മിൽ വാക്കേറ്റമുണ്ടായതായാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ, ഇരുവരും തമ്മിൽ ഒരുവർഷമായി അടുപ്പത്തിലാണെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നും മരിച്ചെന്ന് കരുതിയാണ് സ്ഥലംവിട്ടതെന്നും യുവാവ് പോലീസിന് നൽകിയിരിക്കുന്ന മൊഴിയിൽ പറയുന്നു.
ഞായറാഴ്ച ഉച്ചയ്ക്കാണ് കഴുത്തിൽ കയർ മുറുകി, അർധനഗ്നയായ നിലയിൽ 20-കാരിയായ യുവതിയെ വീട്ടിലെത്തിയ ബന്ധുക്കൾ കണ്ടെത്തിയത്.