മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവാവ് പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. ഭർത്താവിനെ ഉറക്കഗുളിക നൽകി മയക്കിയശേഷം പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവാവിന്റെ ഭാര്യയും കാമുകനും പാമ്പ് എത്തിച്ച രണ്ട് പാമ്പാട്ടികളും അറസ്റ്റിലായി.
ഹസ്തിനാപൂർ സ്വദേശിയായ അതുൽ പവാറി (32)യുടെ മരണവുമായി ബന്ധപ്പെട്ടാണ് മണിക്കൂറുകൾക്കകം പൊലീസ് ദുരൂഹത തെളിയിച്ചത്. ഭാര്യ ദാമിനി പവാർ (30), കാമുകൻ തുഷാർ കുമാർ, പാമ്പാട്ടികളായ സോനുകുമാർ, ഉദയ്കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ അതുലിനെ വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. വലതുകാലിൽ പാമ്പുകടിയേറ്റ നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുറിയിൽ കണ്ട പാമ്പിനെ നാട്ടുകാർ പിന്നീട് അടിച്ചുകൊന്നു.
സംഭവത്തിൽ സംശയം പ്രകടിപ്പിച്ച അതുലിന്റെ കുടുംബം പൊലീസിനെ സമീപിച്ചതോടെയാണ് അന്വേഷണം വഴിത്തിരിഞ്ഞത്. ദാമിനിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഭർത്താവിന്റെ പേരിലുള്ള 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കി കാമുകനായ തുഷാറിനൊപ്പം ജീവിക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ദാമിനി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. രാത്രി ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയ ശേഷം ഭർത്താവ് ഉറങ്ങിയപ്പോൾ നേരത്തേ കൊണ്ടുവന്നിരുന്ന പാമ്പിനെ പുതപ്പിനുള്ളിലേക്ക് വിട്ടുവെന്നും, തുടർന്ന് കുഞ്ഞുമായി മുറിക്ക് പുറത്തേക്കുപോയെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.
ഏഴ് വർഷം മുമ്പ് പ്രണയിച്ച് വിവാഹിതരായവരാണ് ദാമിനിയും അതുലും. മൂന്ന് മാസം മുമ്പ് അതുൽ ആരംഭിച്ച പ്ലേസ്കൂളിലെ വാഹന ഡ്രൈവറായിരുന്നു തുഷാർ. ഇതിലൂടെയാണ് ഇരുവരും അടുപ്പത്തിലായതെന്നാണ് പൊലീസ് പറയുന്നത്.
ദാമിനിയുടെ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് തുഷാറുമായി തുടർച്ചയായ ഫോൺവിളികൾ നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് തുഷാറിന്റെ ഫോണിൽ നിന്ന് പാമ്പുകളുടെ ചിത്രങ്ങളും കണ്ടെത്തിയതോടെ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തപ്പോൾ ഗൂഢാലോചന പുറത്തുവന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്താനുള്ള ആശയം തുഷാറാണ് നടപ്പാക്കാൻ പദ്ധതിയിട്ടതെന്നും, പാമ്പാട്ടികളിൽ നിന്ന് പാമ്പ് വാങ്ങിയാണ് കുറ്റകൃത്യം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ഇൻഷുറൻസ് തുക ലഭിച്ച ശേഷം ഒരുമിച്ച് ജീവിക്കാനായിരുന്നു ദാമിനിയുടെയും തുഷാറിന്റെയും പദ്ധതിയെന്നും, അതിന് മുന്നോടിയായി തുഷാർ സ്വന്തം ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാനും ആലോചിച്ചിരുന്നു.















































