മലപ്പുറം: ഒതുക്കുങ്ങലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വീടിനകത്ത് കയറിയ തെരുവ് നായ കടിച്ചു. ശനിയാഴ്ച രാവിലെ തൊടുകുത്തുപറമ്പിലാണ് സംഭവം. കുഞ്ഞിന്റെ തലയ്ക്കും മുഖത്തും ചെവിയിലും കൈയിലും സാരമായ പരിക്കേറ്റിട്ടുണ്ട്.
ബന്ധുവീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മുഹമ്മദ് റാഫി–ജൗഹറ ദമ്പതികളുടെ മകൻ **ഹനി അസീമി (5 മാസം)**യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കുഞ്ഞിനെ ആദ്യം കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ഒതുക്കുങ്ങൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ നടന്ന മറ്റൊരു ആക്രമണത്തിൽ മൂന്ന് പേർക്കും തെരുവ് നായയുടെ കടിയേറ്റു. മറ്റത്തൂരങ്ങാടിയിൽ മദ്രസയിലേക്ക് പോകുകയായിരുന്ന റിഷാദ് അലി, മുസ്ലിയാരങ്ങാടിയിലെ നാരായണൻ, മുനമ്പത്തെ സൈനബ എന്നിവർക്കാണ് പരിക്കേറ്റത്.
Related Post
എല്ലാവരെയും ആക്രമിച്ചത് കറുത്ത നിറത്തിലുള്ള ഒരേ തെരുവ് നായ തന്നെയാണെന്നാണ് വാർഡ് അംഗം സി.കെ. റഹൂഫ് അറിയിച്ചു. തുടർച്ചയായ ആക്രമണത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക വ്യാപിച്ചിരിക്കുകയാണ്. നായയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

















































