മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഗുരുതര ചികിത്സാ വീഴ്ചയെന്ന് ആരോപണം. 17 വയസുള്ള പെൺകുട്ടിയെ കുടുംബത്തിന്റെ അനുമതിയില്ലാതെ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി. പിന്നാലെ കുട്ടി ഗർഭിണിയാണെന്ന തെറ്റായ ഫലവും നൽകി. പിന്നീട് മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയല്ലെന്നു തെളിഞ്ഞു. ഇതോടെ കുട്ടിയുടെ കുടുംബം ആശുപത്രിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയാണ് പെൺകുട്ടി കല്യാൺ-ഡോംബിവ്‌ലി ഏരിയയിലെ ശാസ്ത്രി നഗർ സർക്കാർ ആശുപത്രിയിൽ എത്തിയത്. ഡോക്ടർമാർ പെൺകുട്ടിയെ മൂന്ന് തവണ ഗർഭ പരിശോധനയ്ക്ക് വിധേയയാക്കി. തുടർന്ന് ഗർഭിണിയാണെന്ന് കുടുംബത്തെ അറിയിച്ചു.
പരിഭ്രാന്തരായ കുടുംബം പരിശോധനയ്ക്കായി പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയല്ലെന്ന് തെളിഞ്ഞു. ഇതോടെ, സർക്കാർ ആശുപത്രിയിലെ പരിശോധനാ രീതികളെക്കുറിച്ച് വലിയ പരാതികൾ ഉയർന്നു. ആർത്തവ സംബന്ധമായ അസുഖത്തിന് പെൺകുട്ടിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. പിന്നീട് ഡിസ്ചാർജ് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു. ഇതോടെ മുനിസിപ്പൽ കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.




