തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ 45കാരനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കുന്ന് സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. ദേഹമാസകലം 35ഓളം വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിലേറ്റ ഗുരുതരമായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ സുഹൃത്തും വെങ്ങാനൂർ സ്വദേശിയുമായ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയുമായി പിണങ്ങി രാജൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാജന്റെ വീട്ടിൽ പതിവായി എത്താറുണ്ടായിരുന്ന അനൂപ് കഴിഞ്ഞ ദിവസം രാത്രിയും രാജനൊപ്പം മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. മദ്യപാനത്തിനിടെ ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
കൃത്യത്തിന് പിന്നാലെ അനൂപ് രാജന്റെ ബൈക്കുമായി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായാണ് വിവരം.തുടർന്ന് വിഴിഞ്ഞം പൊലീസ് നടത്തിയ പരിശോധനയിൽ പരസ്യമായി മദ്യപിച്ചതിന് അനൂപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്.
തുടർന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അനൂപിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഉപയോഗിച്ച ആയുധവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.




