തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്ത് എഡി തോമസ് എം.എൽ.എ. കേരള ജനതയ്ക്ക് യുഡിഎഫ് സർക്കാർ നൽകിയ ഉറപ്പ് പാലിക്കപ്പെട്ട ദിനമാണിതെന്നും, നിയമവാഴ്ചയിൽ സർക്കാരിന് വിട്ടുവീഴ്ചയില്ലെന്നതിന്റെ തെളിവാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
“വെട്ടിയത് മഴു മറന്നാലും വെട്ടേറ്റ മരം മറക്കില്ല” എന്ന പ്രയോഗം ഓർമ്മിപ്പിച്ച എഡി തോമസ്, വെട്ടേറ്റത് കേരളത്തിന്റെ പൊതുമനസാക്ഷിക്കാണെന്നും അഭിപ്രായപ്പെട്ടു. പ്രതിഷേധിക്കുന്ന യുവാക്കളെ ആക്രമിച്ച സംഭവങ്ങളിൽ ഇനി ആരും നിയമത്തിന് അതീതരാണെന്ന് കരുതരുതെന്നും, അത്തരം നടപടികളെ ന്യായീകരിക്കുന്ന കാലം അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പി. ശശിയെയും എം.ആർ. അജിത് കുമാറിനെയും പോലുള്ള അധികാരദുരുപയോഗം നടത്തിയവർക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ് ഈ നടപടിയെന്നും എം.എൽ.എ പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാലും ഇത്തരം കേസുകളിൽ നടപടി ഉണ്ടാകില്ലെന്ന് പ്രചരിപ്പിച്ചവർക്ക് ലഭിച്ച മറുപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എഫ്ഐ, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, യുവമോർച്ച ഉൾപ്പെടെ അഭിപ്രായപ്രകടനത്തിന്റെ പേരിൽ ആക്രമിക്കപ്പെട്ട എല്ലാ യുവാക്കൾക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമാണ് ഈ നടപടിയെന്നും എഡി തോമസ് അഭിപ്രായപ്പെട്ടു. എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണത്തിൽ ഇനിയും കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിക്കപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണത്തെ തുടർന്നാണ് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ചത്. കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തൽ വരുത്താൻ നിർദേശിച്ചുവെന്ന മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് ആഭ്യന്തര മന്ത്രിയുടെ ശുപാർശ പ്രകാരം മുഖ്യമന്ത്രി സസ്പെൻഷൻ അംഗീകരിക്കുകയായിരുന്നു.

















































