ന്യൂഡൽഹി: രാജ്യത്തിന്റെ ദേശീയഗാനമായ ‘വന്ദേ മാതരം’ സംബന്ധിച്ച് നിർണായകമായ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ പ്രതീകങ്ങളുടെ ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് ഈ അടിയന്തര ഭേദഗതികൾ. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ യഥാർത്ഥ കവിതയിലെ ആറ് ചരണങ്ങളും പൂർണ്ണമായി എല്ലാ ഔദ്യോഗിക ചടങ്ങുകളിലും പാടേണ്ടതാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
2026 ഫെബ്രുവരി 6-നുള്ള ഉത്തരവിലാണ് ‘വന്ദേ മാതരം’ ഗാനത്തിന്റെ ഔദ്യോഗിക പതിപ്പ് നിർവചിച്ചിരിക്കുന്നത്. ഇതനുസരിച്ച് കവിതയുടെ ആകെ ദൈർഘ്യം 3 മിനിറ്റ് 10 സെക്കൻഡായി നിശ്ചയിച്ചു. മുമ്പ് നെഹ്റു സർക്കാരിന്റെ കാലത്ത് ‘സെക്യുലർ സ്വഭാവം’ നിലനിർത്തുന്നതിനായി അവസാന നാല് ഭാഗങ്ങൾ ഒഴിവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആ ഭാഗങ്ങളും ഉൾപ്പെടുത്തി പൂർണ്ണരൂപം പാടണമെന്നും കേന്ദ്ര നിർദേശങ്ങളിലുണ്ട്. അതുപോലെ ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ, വന്ദേമാതരം വേണം ആദ്യം ആലപിക്കാൻ. ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനം ആലപിക്കണം.
ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം. എന്നാൽ സിനിമാഹാളുകളിൽ സിനിമയുടെ ഭാഗമായോ ന്യൂസ് റീലുകളിലോ ‘വന്ദേ മാതരം’ പ്രദർശിപ്പിക്കുമ്പോൾ നിൽക്കേണ്ടതില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ദേശീയപതാക ഉയർത്തുന്ന ചടങ്ങുകളിൽ ‘വന്ദേ മാതരം’ നിർബന്ധമായും ആലപിക്കാണം. കൂടാതെ, സിവിലിയൻ അവാർഡ് വിതരണങ്ങൾ, സംസ്ഥാന ചടങ്ങുകൾ, രാഷ്ട്രപതി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികൾ എന്നിവയിലും ഗാനം ആലപിക്കണം. രാഷ്ട്രപതി എത്തുമ്പോഴും മടങ്ങുമ്പോഴും വന്ദേമാതരം നിർബന്ധമാണ്.
രാഷ്ട്രപതിയുടെ രാജ്യത്തോടുള്ള പ്രസംഗത്തിന് മുൻപും ശേഷവും ആകാശവാണി, ദൂരദർശൻ പോലുള്ള സർക്കാർ മാധ്യമങ്ങളിലൂടെ ‘വന്ദേ മാതരം’ പ്രക്ഷേപണം നടത്തണമെന്നും നിർദേശമുണ്ട്. സംസ്ഥാന തലത്തിൽ ഗവർണർ അല്ലെങ്കിൽ ലെഫ്റ്റനന്റ് ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളിലും ഇതേ രീതിയാണ് പാലിക്കേണ്ടത്.
മിലിട്ടറി അല്ലെങ്കിൽ പോലീസ് ബാൻഡുകൾ ഈ ഗീതം പ്ലേ ചെയ്യുമ്പോൾ, സദസിന് മുന്നറിയിപ്പ് നൽകാനായി ഏഴ് തവണ ഡ്രം റോൾ അടിച്ച് വേണം ആരംഭിക്കാൻ. സ്കൂളുകളിലും സർവ്വകലാശാലകളിലും ദൈനംദിന പ്രാർത്ഥനകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും ഭാഗമായി വന്ദേമാതരം കൂട്ടമായി ആലപിക്കണമെന്ന് യു.ജി.സിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. വന്ദേമാതരം ആലപിക്കുമ്പോൾ കൃത്യമായ ഉച്ചാരണവും ഔദ്യോഗിക വരികളും മാത്രമേ ഉപയോഗിക്കാവൂ എന്ന് കേന്ദ്രം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അതുപോലെ മന്ത്രിമാർ പങ്കെടുക്കുന്ന അനൗപചാരിക പരിപാടികളിലും കൂട്ടായ ആലാപനം നടത്താമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. ‘വന്ദേ മാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർണായക നിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.


















































