തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്. വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടി വാങ്ങി എന്ന് കാണിച്ച് മൂന്നേകാൽ ലക്ഷം രൂപയുടെ ബില്ലാണ് സംസ്ഥാന കമ്മിറ്റിക്ക് നൽകിയിരുന്നത്.
എന്നാൽ, ഈ ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന ജിഎസ്ടി നമ്പർ പരിശോധിച്ചപ്പോൾ അത് കൊടിതോരണങ്ങൾ വിൽക്കുന്ന കടയുടേതല്ലെന്നും, ഒരു പലചരക്കുകടയുടെ ജിഎസ്ടി നമ്പറാണെന്നും കണ്ടെത്തുകയായിരുന്നു. കേന്ദ്ര നേതൃത്വം നൽകിയ കൊടികൾക്ക് പുറമെ ഇവിടെയും കൊടി വാങ്ങി എന്ന് വ്യാജ കണക്കുണ്ടാക്കി ഏകദേശം ഒന്നര കോടി രൂപ വകമാറ്റി തട്ടിപ്പ് നടത്തി എന്നായിരുന്നു ഉയർന്ന പരാതി.
ബിജെപി ട്രഷറർ തന്നെയാണ് ഈ പരാതി കേന്ദ്ര നേതൃത്വത്തിന് നൽകിയത്. തുടന്ന് കേന്ദ്ര ഓഡിറ്റ് സംഘം നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. കൊടിതോരണങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന അഞ്ജന രഞ്ജിത്തിനെതിരെ നേരത്തെ പാർട്ടി നടപടിയെടുക്കുകയും തൽസ്ഥാനത്തുനിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു.


















































