ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് മാറ്റുകൂട്ടി കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ ‘യുണൈറ്റ് 8 സ്‌പോർട്സ് ഒഫീഷ്യൽ ഫിഫ ഫാൻ പാർക്കിൽ’ പത്തടി ഉയരമുള്ള കൂറ്റൻ ഫിഫ ലോകകപ്പ് ട്രോഫി മാതൃക അനാവരണം ചെയ്തു. ഈഗിൾസ് എഫ്‌സി കേരളയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച ഈ ഇൻസ്റ്റലേഷൻ റീജിയണൽ സ്പോർട്സ് സെന്റർ ഓണററി സെക്രട്ടറി എസ്. എ. എസ്. നവാസ് ആണ് ഉദ്ഘാടനം ചെയ്തത്. ‘ഫെറോകോൺ ദി കോൺക്രീറ്റ് ഫാക്ടറി’യാണ് ഈ ആകർഷകമായ ട്രോഫി മാതൃക നിർമ്മിച്ചത്. വലിയ തോതിലുള്ള ആർക്കിടെക്ചറൽ, തീമാറ്റിക് ഇൻസ്റ്റലേഷനുകൾ നിർമ്മിക്കുന്നതിൽ പ്രശസ്തരായ ‘ഫെറോകോൺ ദി കോൺക്രീറ്റ് ഫാക്ടറി’യാണ് ഈ ആകർഷകമായ ട്രോഫി മാതൃക രൂപകൽപ്പന ചെയ്തത്. കേരളത്തിലെ ലോകകപ്പ് ആഘോഷങ്ങളിൽ ആരാധകർ ഏറ്റവും കൂടുതൽ ഫോട്ടോയെടുക്കാൻ സാധ്യതയുള്ള പ്രധാന ആകർഷണമായി ഈ നിർമ്മിതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഫാൻ പാർക്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇൻഡോർ എൽ.ഇ.ഡി സ്‌ക്രീനാണ് ലോകകപ്പ് മത്സരങ്ങളുടെ പൊതുപ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. സെമി ഫൈനൽ, മൂന്നാം സ്ഥാനത്തിനായുള്ള മത്സരം, ഫൈനൽ മത്സരങ്ങൾ എന്നിവ ആരാധകർക്ക് ഇവിടെ ഒത്തുകൂടി തത്സമയം ആസ്വദിക്കാം.
കേരളത്തിലെയും മാഹി നഗരസഭയിലെയും ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഔദ്യോഗിക പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്‌സി കേരളയ്ക്കാണ്. ടൂർണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡുമായി (ZEEL) ചേർന്നാണ് ഈഗിൾസ് എഫ്‌സി സംസ്ഥാനവ്യാപകമായി ഇത്തരം പൊതുപ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ കായികപ്രേമികളുടെ ആവേശം വിളിച്ചോതുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഫുട്ബോൾ ആവേശ അനുഭവങ്ങളാണ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ഒരുക്കിയിട്ടുള്ളതെന്ന് ഈഗിൾസ് എഫ്‌സി കേരള ചെയർമാൻ ഷാഫി മേത്തർ വ്യക്തമാക്കി.

















































