കൊച്ചി: താരസംഘടനയായ ‘അമ്മ’യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ അഡ്ഹോക്ക് കമ്മിറ്റിയെ പരിഹസിച്ച് നടി ലക്ഷ്മി പ്രിയയുടെ ഭർത്താവ് ജയ് ദേവ്. അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളോട് പ്രതികരിച്ചാണ് അദ്ദേഹത്തിന്റെ വിമർശനം.
കഴിഞ്ഞ കുറച്ചുനാളുകളായി ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളും വിവാദങ്ങളുമാണ് മലയാള സിനിമാലോകത്ത് ചർച്ചയാകുന്നത്. സംഘടനയുടെ പ്രവർത്തനരീതിക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെ, സംഘടന പിരിച്ചുവിടണമെന്ന ആവശ്യം പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നും ശക്തമാകുകയാണ്.
ഇതിനിടെയാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ രാജിവെക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമത്തിലൂടെ ജയ് ദേവ് പരിഹാസവുമായി രംഗത്തെത്തിയത്.
‘ആഹാ..അല്ല എല്ലാവരും പോകുവാന്നോ. അയ്യോ അങ്ങിനെ പോകല്ലേ..യുദ്ധം ചെയ്യാൻ കച്ചകെട്ടി ഇറങ്ങിയവരല്ലേ നിങ്ങൾ… pls അതൊന്ന് ചെയ്തിട്ട് പോണം..Mmm..കോടതി സമ്മതിക്കില്ലല്ലേ..കഷ്ടം ഓരോരോ ദുരന്തങ്ങൾ..’, എന്നായിരുന്നു ജയ് ദേവിന്റെ പ്രതികരണം. കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷ്മി പ്രിയയ്ക്ക് എതിരെ വരുന്ന ആരോപണങ്ങൾക്കും പരിഹാസങ്ങൾക്കും എതിരെ ജയ് രംഗത്ത് എത്തിയിരുന്നു. ലക്ഷ്മി പ്രിയയെ കുറിച്ച് പറഞ്ഞ ഭാഗ്യലക്ഷ്മിയ്ക്ക് എതിരെ ജയ് എത്തിയതും ശ്രദ്ധനേടിയിരുന്നു.
ഏറെ വിവാദങ്ങൾക്കും നാടകീയ സംഭവവികാസങ്ങൾക്കും ഒടുവിലായിരുന്നു ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ‘അമ്മ’യുടെ ഭരണസമിതി രാജിവെച്ചത്. തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി രമേഷ് പിഷാരടിയെ കൺവീനറാക്കി ഒമ്പതംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.
സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മിറ്റി നടപടികൾ ആരംഭിച്ചെങ്കിലും, ശ്വേത മേനോനും രമേഷ് പിഷാരടിയും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഇതോടെ സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ വീണ്ടും രൂക്ഷമായി.
ഇതിനിടെയാണ് എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് കൺവീനർ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി രമേഷ് പിഷാരടി പ്രഖ്യാപിച്ചു. “പദവിയിൽ കടിച്ചുതൂങ്ങാൻ താൽപര്യമില്ല. 32 വർഷത്തെ പാരമ്പര്യമുള്ള ഒരു സംഘടനയെ കോടതിക്കയറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” എന്നാണ് രാജി പ്രഖ്യാപിച്ചുകൊണ്ട് പിഷാരടി വ്യക്തമാക്കിയത്.















































