ലക്നൗ: ഉത്തർപ്രദേശിലെ രാജ്നഗറിൽ കഴിഞ്ഞ ദിവസം കാണാതായ ഏഴ് വയസുകാരിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. മാളിൽ തൊഴിലാളികളായി ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളായ ദമ്പതിമാരുടെ മകളെ വെള്ളിയാഴ്ച വൈകിട്ട് ഏകദേശം 7.30ഓടെ കാണാതാകുകയായിരുന്നു. വൈകുന്നേരം മുഴുവൻ തിരച്ചിൽ നടത്തിയ ശേഷവും കണ്ടെത്താനാകാതെ വന്നതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് നിർമാണത്തിലിരിക്കുന്ന ഷോപ്പിംഗ് മാളിൻറെ ബേസ്മൻറിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടത്.
കൊല്ലപ്പെട്ട പെൺകുട്ടിയും മാതാപിതാക്കളും മാളിന് സമീപമാണ് താമസം. ഇവിടെനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന് മുകളിൽനിന്ന് കുട്ടിയെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് നിഗമനം.
മാളിൻറെ ബേസ്മെൻറിൽ നഗ്നമായി ചോരയിൽ കുളിച്ച നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും മാരകമായി പരുക്കേറ്റിരുന്നു. കൈയും കാലും ഒടിഞ്ഞനിലയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. കുട്ടിയെ ചിപ്സ്, സ്നാക്സ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ വാഗ്ദാനം ചെയ്ത് മാളിനുള്ളിലേക്ക് പ്രലോഭിപ്പിച്ച് എത്തിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. തുടർന്ന് മൃതദേഹം ബേസ്മെന്റിൽ ഉപേക്ഷിച്ചതായും അവർ പറയുന്നു.
അതേസമയം ശനിയാഴ്ച പുലർച്ചെ 1.10ഓടെയാണ് ഡയൽ 112 വഴി കുട്ടിയുടെ മൃതദേഹം മാളിനുള്ളിൽ കിടക്കുന്നതായി വിവരം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലം ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) സംഘവും ഡോഗ് സ്ക്വാഡും പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി അസിസ്റ്റൻറ് കമ്മീഷണർ പ്രിയശ്രീ പാൽ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ ബലാത്സംഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥിരീകരിക്കാനാകുവെന്നും എസിപി വ്യക്തമാക്കി.



















































