നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പോലീസ് പ്രഥമവിവര റിപ്പോർട്ട് ഫയൽ ചെയ്ത് അന്വേഷണം തുടങ്ങിയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിനെതിരെ വിശദീകരണവുമായി നടി അൻസിബ ഹസൻ. എറണാകുളം സിറ്റി പോലീസ് കമ്മിഷണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് അൻസിബ ഹസൻ ഫേസ്ബുക്കിൽ കുറിച്ചു. എഫ്ഐആർ ഇടാത്തതിനെ തുടർന്ന് താൻ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അൻസിബ കുറിപ്പിൽ വ്യക്തമാക്കി. രമേശ് ചെന്നിത്തലയെ ടാഗ് ചെയ്താണ് കുറിപ്പ് പോസ്റ്റ് ചെയ്തത്.
അൻസിബയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-
‘പോലീസ് എഫ്.ഐ.ആർ. എടുത്തിട്ടില്ല സാർ. എറണാകുളം സിറ്റി പോലീസ് കമ്മിഷണർ അങ്ങയെ പറ്റിച്ചതാണ് സാർ. എഫ്.ഐ.ആർ. ഇടാത്തതിനെ തുടർന്ന് ഞാൻ കോടതിയെ സമീപിച്ചിരിക്കുകയാണ് സാർ. കേസെടുക്കാനാവില്ല എന്ന് അവർ കോടതിയിലും പറഞ്ഞിട്ടുണ്ട് സാർ’.
അതുപോലെ കേസെടുക്കാനാവില്ലെന്ന് കാണിച്ച് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ നൽകിയ മറുപടിയും അൻസിബ പുറത്തുവിട്ടു. പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയതായി എസ്എച്ച്ഒ അൻസിബയെ അറിയിച്ചിരുന്നു. പരാതിക്കാർക്കെതിരെയുള്ള വീഡിയോ പരിശോധിച്ചതിൽ അപകീർത്തി പ്രചാരണത്തിനുള്ള വകുപ്പ് പ്രകാരമുള്ള കുറ്റമേ നിലനിൽക്കൂ. മറ്റ് വകുപ്പുകൾ നിലനിൽക്കില്ല. അതിനാൽ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാവുന്നതാണ് എന്നുമാണ് അൻസിബ പുറത്തുവിട്ട മറുപടിയിൽ പറയുന്നത്.
അതേസമയം കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിലാണ് അൻസിബയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചത്. പരാതിയിൽ കേസെടുത്തിട്ടില്ലെന്ന് നടി തന്നെ വിളിച്ച് അറിയിച്ചു. ഉടൻ പോലീസ് കമ്മിഷണറെ വിളിച്ച് അന്വേഷിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നാണ് കമ്മിഷണർ തന്നെ അറിയിച്ചത്. കേസെടുത്താൽ പിന്നെ അന്വേഷണത്തിൽ താൻ ഇടപെടുന്നത് ശരിയല്ലെന്നുമായിരുന്നു ആഭ്യന്തരമന്ത്രിയുടെ വാക്കുകൾ.
സാമൂഹികമാധ്യമങ്ങളിൽ അശ്ലീല പ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ചാണ് അൻസിബ ഹസൻ നടിമാരായ ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയത്. ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനെതിരെയാണ് പരാതി. സാമൂഹികമാധ്യമങ്ങളിൽ വ്യാജവും അശ്ലീലവും നിറഞ്ഞതുമായ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.

















































