അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നൽകിയ പരാതിയിൽ പോലീസും സർക്കാരും സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷവിമർശനവുമായി നടി അൻസിബ ഹസൻ. തന്നെ അപമാനിച്ച പ്രതികൾക്കെതിരെ പാലാരിവട്ടം പൊലീസിൽ നൽകിയ പരാതി കേവലം ഒരു ‘മാനനഷ്ടക്കേസ്’ മാത്രമായാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്ന് അൻസിബ ആരോപിച്ചു.
ഒരു സ്ത്രീയെ അപമാനിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിച്ച് അസത്യപ്രചാരണം നടത്തിയവർക്കെതിരെയാണ് താൻ പരാതി നൽകിയത്. എന്നാൽ അൻസിബ നൽകുന്ന പരാതികൾ അന്വേഷിക്കലല്ല കേരള പൊലീസിന്റെ ജോലി എന്ന് സർക്കാർ കോടതിയിൽ പറഞ്ഞതായും അറിയാൻ കഴിഞ്ഞിട്ടുണ്ടെന്ന് താരം വ്യക്തമാക്കുന്നു. പ്രതികളുടെ നിലവിലെ പ്രവൃത്തി തന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് നിയമപരമായി മുന്നോട്ടുപോയത്. അധികാരികൾക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കിൽ പരാതി നൽകിയതിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും, എന്നാൽ നീതിതേടി ഏതറ്റം വരെ പോകാനും തയ്യാറാണെന്നും അൻസിബ കൂട്ടിച്ചേർത്തു.
നഷ്ടപ്പെടുന്നത് തന്റെ അന്തസ്സും സ്ത്രീത്വവുമാണെന്നും, വേട്ടക്കാർ തങ്ങളിലേക്ക് എത്തുന്നതുവരെ മറ്റുള്ളവർ സുരക്ഷിതരാണെന്ന് ഓർക്കണമെന്നും അൻസിബ ഓർമിപ്പിച്ചു. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും ടാഗ് ചെയ്താണ് അൻസിബ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്. ‘‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ്യക്തമാക്കണം; എങ്കിൽ, ഇത്തരം സാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന അപമാനങ്ങൾ ക്ഷമിച്ചുകളയാൻ ഞാൻ തയാറാണ്… പ്രതികളുടെ നിലവിലെ പ്രവൃത്തി എന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് ഞാൻ നിയമപരമായി പരാതി നൽകിയത്. ഇനി, അധികാരികൾ കാണുന്ന സ്ത്രീകൾക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കിൽ, ഞാൻ നൽകിയ പരാതിയുടെ പേരിൽ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
പക്ഷേ, ഈ വിഷയത്തിൽ നീതിതേടി ഏതറ്റം വരെ പോകാനും ഞാൻ തയാറാണ്. കാരണം, നിങ്ങൾ തകർക്കാൻ ശ്രമിച്ചത് എന്റെ അന്തസ്സിനെയാണ്, എന്റെ സ്ത്രീത്വത്തെയാണ്. അത് നഷ്‌ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവൾക്ക് മാത്രമേ മനസ്സിലാകൂ; നിങ്ങൾക്കത് മനസ്സിലാകില്ല. കാരണം, ആ വേട്ടക്കാർ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങൾ സുരക്ഷിതരാണല്ലോ! ഒന്നോർക്കുക, ഹിൽപ്പാലസ് കേസിലും കടവന്ത്ര കേസിലും നിങ്ങൾ ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഒടുവിൽ നിങ്ങൾക്ക് ജനമധ്യത്തിൽ നാണംകെട്ട് നീതി നടപ്പിലാക്കേണ്ടി വന്നു. ഈ കേസിലും അതിൽനിന്നും വ്യത്യസ്‌തമായി ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും അൻസിബ പറഞ്ഞു.


















































