പയ്യന്നൂര്‍: ടി ഐ മധുസൂദനന്റേയും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റേയും ധനരാജ് അനുസ്മരണ പോസ്റ്റുകള്‍ക്ക് താഴെ വിമര്‍ശനവുമായി സിപിഐഎം നേതാക്കള്‍. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ടാണ് വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ടി ഐ മധുസൂദനന്‍ കമന്റ് ബോക്‌സ് പൂട്ടി. പയ്യന്നൂരിലെ സിപിഐഎമ്മിന്റെ പരാജയവും വി കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിയ ആരോപണങ്ങളും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കമന്റ് ബോക്‌സില്‍ സിപിഐഎം അനുഭാവികളുടെ വിമര്‍ശന ശരങ്ങള്‍.
ഉളുപ്പ് ഉണ്ടെങ്കില്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇറങ്ങി പോകു… തെറ്റ് പറ്റാത്ത മനുഷ്യര്‍ ഇല്ല, തിരുത്താന്‍ ഈഗോ സമ്മതിക്കാത്തതാണ് പാര്‍ട്ടിയെ തോല്‍പ്പിച്ചതെന്ന് കമന്റില്‍ പറയുന്നു. ധനരാജിന്റെ പത്താം രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചാണ് ടിഐ മധുസൂദനന്‍ വൈകാരിക പോസ്റ്റ് പങ്കുവച്ചത്. യഥാര്‍ഥ പേരും മുഖവുമുള്ള സിപിഐഎം അനുകൂല പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന വെരിഫൈഡ് പ്രൊഫൈലുകളില്‍ നിന്നാണ് വിമര്‍ശന കമന്റുകള്‍ വരുന്നത് എന്നതാണ് ശ്രദ്ധേയം.
കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് സിപിഐഎം പ്രവര്‍ത്തകരില്‍ നിന്ന് ശക്തമായ ആവശ്യമുയരുകയാണ്. വിമര്‍ശന കമന്റുകളും അധിക്ഷേപങ്ങളും വരുന്നുണ്ടെങ്കിലും കെ കെ രാഗേഷ് കമന്റ് ബോക്‌സ് പൂട്ടുകയോ കമന്റുകള്‍ക്ക് മറുപടി പറയുകയോ ചെയ്തിട്ടില്ല.






