മലപ്പുറം: 23 ദിവസം പ്രായമായ കുഞ്ഞിന്റെ ചേലാകർമ്മത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്ന പരാതിയിൽ 50 കുട്ടിക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ കമ്മീഷൻ്റെ ഉത്തരവ്. കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മായിൽ സി വി എന്നിവർ അംഗങ്ങളുമായ കമ്മീഷന്റേതാണ് വിധി.
അതേസമയം 2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം മലപ്പുറത്ത് നടന്നത്. ചേലാകർമ്മത്തിന് ശേഷം അണുബാധയേറ്റ് പഴുപ്പ് ബാധിച്ച കുഞ്ഞിനെ തൃശൂർ അമല ആശുപത്രിയിലും തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ച് രണ്ടാഴ്ചയോളം തീവ്രപരിചരണത്തിന് വിധേയമാക്കിയിരുന്നു. ഭാവിയിൽ കൂടുതൽ ശസ്ത്രക്രിയകൾ ആവശ്യമാണെന്ന് നിർദ്ദേശിച്ചാണ് കുട്ടിയെ അന്ന് ഡിസ്ചാർജ് ചെയ്തത്.
പിന്നീട് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവും ആരോഗ്യ വിജിലൻസും നടത്തിയ അന്വേഷണത്തിൽ, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നും ഡോക്ടറുടെ പരിചയക്കുറവാണ് അണുബാധയ്ക്ക് കാരണമായതെന്നും കണ്ടെത്തി. തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് താൽക്കാലികാശ്വാസമായി രണ്ട് ലക്ഷം രൂപ നൽകാനും സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.
അതേസമയം ആശുപത്രിയുടെ ശുചിത്വമില്ലായ്മയും ഉപകരണങ്ങളുടെ അശാസ്ത്രീയമായ ഉപയോഗവും കാരണം കുട്ടിക്ക് ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വരുന്ന ദുരിതം മുൻനിർത്തിയാണ് കമ്മീഷന്റെ കർശന നടപടി. കുട്ടി അനുഭവിക്കുന്ന ദുരിതത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപയും ഭാവിയിലെ ശസ്ത്രക്രിയകൾക്കും ചികിത്സാ ചെലവുകൾക്കുമായി 25 ലക്ഷം രൂപയുമാണ് നൽകേണ്ടത്.
കൂടാതെ കോടതി ചെലവിലേക്ക് 25,000 രൂപയും നൽകണം. ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം ഈ തുക പരാതിക്കാർക്ക് നൽകണമെന്നും നിർദ്ദേശമുണ്ട്. വീഴ്ച വരുത്തിയാൽ പരാതി നൽകിയ തീയതി മുതൽ ഒൻപത് ശതമാനം പലിശ സഹിതം തുക ഈടാക്കുമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.

















































