തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. താൻ പറയാത്ത കാര്യങ്ങൾ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞെന്ന തരത്തിൽ ഫേസ്ബുക്കിലൂടെ വ്യാജ പോസ്റ്റുകൾ പ്രചരിപ്പിക്കുകയാണെന്നാണ് പരാതിയിൽ പറയുന്നത്.
‘മുഹമ്മദ് ഖലീൽ’ എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഇത്തരം വ്യാജ പ്രചാരണം നടക്കുന്നതെന്നും, സംഭവത്തിൽ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. വ്യാജ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടുത്തിയാണ് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയത്. പരാതി നൽകിയ വിവരം വി.എം. സുധീരൻ തന്നെയാണ് പിന്നീട് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
വീര്യംകുറഞ്ഞ മദ്യത്തിന്മേലുള്ള നികുതിയിളവിനെ സംബന്ധിച്ചും മറ്റും സുധീരൻ സർക്കാരിന് തിരുത്തലുകളും ചില ഓർമ്മപ്പെടുത്തലുകളും നടത്തിയിരുന്നു. ആ അവസരം മുതലെടുത്താണ് പലരും അദ്ദേഹം പറഞ്ഞെന്ന തരത്തിൽ സർക്കാർ വിരുദ്ധ പ്രചരണങ്ങൾ നടത്തുന്നതെന്ന വിലയിരുത്തലുകളുമുണ്ട്.














































