തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായി എത്തിയ രോഗി മരിച്ചതിൽ രൂക്ഷ വിമർശനവുമായി ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ്. നെഞ്ചുവേദനയുമായെത്തിയ രോഗിയെ ഒപി ടിക്കറ്റിനായി ക്യൂവിൽ നിർത്തിയതും, അടിയന്തര ചികിത്സ നൽകാതെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതും ഗുരുതര അനാസ്ഥയാണെന്ന് ഫെയ്‌സ് ബുക്ക് കുറിപ്പിൽ അദ്ദേഹം പറയുന്നു. രോഗിയുടെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും സ്വീകരിച്ച ഈ നടപടികൾക്കെതിരെ ശക്തമായ അന്വേഷണം വേണമെന്നും ഡോ. ഹാരിസ് ചിറക്കൽ കുറിപ്പിൽ ആവശ്യപ്പെട്ടു. അതേസമയം പോസ്റ്റ് ചർച്ചയായതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
രോഗി മരിച്ച സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
കുറിപ്പ് ഇങ്ങനെ- ‘നെഞ്ചുവേദനയുമായി വരുന്നവരെ ഇങ്ങനെയല്ല ചികിത്സിക്കേണ്ടത്. ക്യൂവിൽ നിർത്തിയും ഓപി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്. നിമിഷങ്ങൾ കൊണ്ട് രോഗി ഹൃദയസ്തംഭനം വന്ന് മരണത്തിലേക്ക് പോകുമെന്നത് അറിയാവുന്ന കാര്യമാണ്. ഏറ്റവും അടിയന്തിരമായി എമർജൻസി വിഭാഗത്തിലും ഐസിയുവിലും അഡ്മിറ്റ് ചെയ്ത് നിരീക്ഷിക്കേണ്ടതായിരുന്നു. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു കുറിപ്പ് നൽകിയത്രെ. ഒരു ജനറൽ ആശുപത്രിയിലാണ് സംഭവം. ഹൃദയ സ്തംഭനത്തിലേക്ക് നീങ്ങുന്ന രോഗിയ്ക്ക് മെഡിക്കൽ കോളേജിലേക്ക് റഫറൽ ലെറ്റർ നൽകുന്നു. ഒരു മണിക്കൂർ എടുക്കും മെഡിക്കൽ കോളേജിൽ എത്താൻ. സീരിയസ് രോഗികളെ അങ്ങനെയല്ല റഫർ ചെയ്യേണ്ടത്. ശക്തമായ അന്വേഷണവും നടപടികളും ആവശ്യമാണ്’.
അതേസമയം ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി മരിക്കുന്നത്. നെഞ്ചുവേദനയെ തുടർന്ന് ജോലി സ്ഥലത്തുനിന്നാണ് രാജേഷിനെ ആശുപത്രിയിൽ എത്തിച്ചത്. ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത് സെക്യൂരിറ്റി ജീവനക്കാരൻ കേൾക്കാൻ തയ്യാറായില്ലെന്നും ക്യൂവിൽ നിൽക്കണമെന്നാണ് പറഞ്ഞതെന്നും രാജേഷിന്റെ ബന്ധുക്കൾ പറയുന്നു. വേദനയോടെ രാജേഷ് ക്യൂവിൽ നിന്നു. ഇതിനിടെ ഭാര്യ അവിടേയ്ക്ക് എത്തി. അതിന് ശേഷം രാജേഷിനെ ഒരു കസേരയിൽ ഇരുത്തി. തൊട്ടുപിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന് ശേഷമാണ് ഡോക്ടർ എത്തി പരിശോധിച്ചത്. തുടർന്ന് ഇസിജി എടുത്തു. ഹൃദയാഘാതം സംഭവിച്ചതാണെന്ന് പറഞ്ഞു.
എന്നാൽ ഹൃദയാഘാതം സംഭവിച്ചാൽ നൽകേണ്ട പ്രാഥമിക ചികിത്സ പോലും ലഭ്യമാക്കിയില്ല. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. ആംബുലൻസ് എത്തിയപ്പോഴേക്കും രാജേഷ് മരിക്കുകയുമായിരുന്നു എന്നും ബന്ധു പറഞ്ഞു. 52 വയസ് മാത്രമേ രാജേഷിന് പ്രായമുണ്ടായിരുന്നുള്ളൂ. ആശുപത്രി അധികൃതർ ഗൗരവത്തിലെടുക്കേണ്ടതായിരുന്നു. അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമേയുണ്ടായിരുന്നുള്ളൂ എന്നും ബന്ധു പറഞ്ഞിരുന്നു.
അതേസമയം സംഭവത്തിന് പിന്നാലെ ആശുപത്രി അധികൃതരും രാജേഷിന്റെ ബന്ധുക്കളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. നെയ്യാറ്റിൻകര ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി രാജേഷിന്റെ ബന്ധുക്കളുമായി സംസാരിച്ചു. ഇതിനിടെ ആശുപത്രി സൂപ്രണ്ട് ജോയ് ജോണും സ്ഥലത്തെത്തി. രോഗിയുടെ ബന്ധുക്കളും ഡോക്ടറുമായും സൂപ്രണ്ട് സംസാരിച്ചു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

















































