മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് പാതാൾഗംഗ നദിയിലൂടെ ആയിരക്കണക്കിന് എൽപിജി സിലിണ്ടറുകൾ ഒഴുകിപ്പോയ സംഭവത്തിൽ ആശങ്ക. നിറച്ചതും ഒഴിഞ്ഞതുമായ സിലിണ്ടറുകളാണ് പുഴയിലൂടെ ഒഴുകിയത്. എച്ച്പിസിഎല്ലിന്റെ (HPCL) പാതാൾഗംഗ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ വെള്ളം കയറിയതോടെയാണ് സിലിണ്ടറുകൾ നദിയിലേക്ക് ഒഴുകിപ്പോയത്.
ചുവന്ന നിറത്തിലുള്ള ഗ്യാസ് സിലിണ്ടറുകൾ കുത്തിയൊലിക്കുന്ന പുഴയിലൂടെ ഒഴുകുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജവാലെ മുന്നറിയിപ്പ് നൽകി. പുഴയിലൂടെ ഒഴുകുന്ന സിലിണ്ടറുകൾ തൊടുകയോ ശേഖരിക്കുകയോ തുറക്കുകയോ വീടുകളിലേക്ക് കൊണ്ടുപോകുകയോ ചെയ്യരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. അപകടസാധ്യത കണക്കിലെടുത്താണ് ഈ നിർദേശം. തീരത്ത് സിലിണ്ടറുകൾ അടിഞ്ഞുകൂടിയാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പ്രാഥമിക വിവരങ്ങൾ പ്രകാരം ഏകദേശം 3,000 സിലിണ്ടറുകളാണ് നദിയിലേക്ക് ഒഴുകിപ്പോയത്. മൺസൂൺ മഴയെ തുടർന്ന് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ വെള്ളക്കെട്ടും പ്രളയസാഹചര്യവുമാണ് രൂപപ്പെട്ടിരിക്കുന്നത്.
एलपीजी का रिसाव तो कई बार देखा होगा आपने एलपीजी का बहाव भी देख लीजिए l#LPG l #Maharashtra l #HPCL pic.twitter.com/USOrgzniLV
— Sanjeev Kumar (@san_jeev_1) July 9, 2026

















































