കലബുറഗി: കർണാടകയിൽ യാത്രയ്ക്കിടെ ബസിന്റെ രണ്ട് ഹെഡ്‌ലൈറ്റുകളും പ്രവർത്തനരഹിതമായതിനെ തുടർന്ന് കണ്ടക്ടർ മൊബൈൽ ഫോണിന്റെ ടോർച്ച് തെളിച്ച് ഡ്രൈവർക്ക് വഴി കാണിച്ചുകൊടുത്ത് ബസ് ഓടിച്ച സംഭവം വിവാദമായി. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (KKRTC) ബസിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അധികൃതർ അന്വേഷണം പ്രഖ്യാപിക്കുകയും ഉത്തരവാദിത്തപ്പെട്ട ചാർജ്മാനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം, KA-28 F രജിസ്ട്രേഷനിലുള്ള ബസ് വൈകിട്ട് 7.30ഓടെ കലബുറഗിയിൽ നിന്ന് ചിഞ്ചോളിയിലേക്ക് സർവീസ് ആരംഭിച്ചു. യാത്ര ആരംഭിച്ച് ഏതാനും കിലോമീറ്ററുകൾ പിന്നിട്ടപ്പോഴാണ് ബസിന്റെ രണ്ട് ഹെഡ്‌ലൈറ്റുകളും ഒരേസമയം തകരാറിലായത്. അറ്റകുറ്റപ്പണി നടത്തി യാത്ര തുടരുന്നതിനുപകരം ഡ്രൈവർ വാഹനം നിർത്താതെ മുന്നോട്ടുപോകുകയായിരുന്നു.
ഇതോടെ കണ്ടക്ടർ തന്റെ മൊബൈൽ ഫോണിന്റെ ടോർച്ച് തെളിച്ച് ഡ്രൈവർക്ക് മുന്നിലെ വഴി കാണിച്ചുകൊടുത്തു. ഏകദേശം 85 മുതൽ 90 കിലോമീറ്റർ വരെ ബസ് ഇത്തരത്തിൽ ഇരുട്ടിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ചിഞ്ചോളി ബസ് സ്റ്റാൻഡിലെത്തിയത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ യാത്രക്കാരുടെ സുരക്ഷ ഗുരുതരമായി അപകടത്തിലാക്കിയെന്നാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നത്. തുടർന്ന് അന്വേഷണം ആരംഭിച്ച കെകെആർടിസി, സംഭവത്തിൽ ചുമതലയുണ്ടായിരുന്ന ചാർജ്മാനെ സസ്പെൻഡ് ചെയ്യുകയും വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.


















































